ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിക്ക് രാജ്യത്ത് മേൽക്കോയ്മ തുടരുന്നുവെന്ന് സൂചിപ്പിച്ച് സർവേ. ഇപ്പോൾ (2026 ജനുവരിയിൽ) തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ എൻഡിഎ 352 സീറ്റുകളിൽ വിജയം നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ- സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേയിലാണ് ഇങ്ങനെ പറയുന്നത്. 2024-ലെ തിരഞ്ഞെടുപ്പിൽ ഇത്തവണ 400 സീറ്റെന്ന മുദ്രാവാക്യവുമായി ഇറങ്ങി ബിജെപിക്ക് പക്ഷേ, പ്രതീക്ഷിച്ച മുന്നേറ്റം സൃഷ്ടിക്കാനായിരുന്നില്ല. എന്നാൽ അന്ന് ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ലഭിക്കുമെന്നാണ് സർവേയിലുള്ളത്.

2024-ൽ 234 സീറ്റുകൾ നേടിയ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി 182-ലേക്ക് എത്തുമെന്നും സർവേയിൽ കണക്കാക്കുന്നു. 2024-ലെ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ മുന്നണിക്ക് അതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുന്നേറ്റമുണ്ടാക്കാനായിരുന്നില്ല. ഹരിയാണ, മഹാരാഷ്ട്ര, ഡൽഹി, ബിഹാർ എന്നീ പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. ജമ്മു കശ്മീരും ജാർഖണ്ഡും മാത്രമാണ് ആശ്വാസകരമായത്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത്.

ഏറ്റവും ഉചിതനായ പ്രധാനമന്ത്രിയാരെന്ന സർവേയിൽ നരേന്ദ്ര മോദി തന്നെയാണ് മുന്നിട്ട് നിൽക്കുന്നതെന്നും ഇന്ത്യ ടുഡേ-സിവോട്ടർ സർവേയിൽ പറയുന്നു. 55 ശതമാനം പേരാണ് മോദിയെ പിന്തുണയ്ക്കുന്നത്. ഓഗസ്റ്റിൽ നടത്തിയ സർവേയിൽ 52 ശതമാനമായിരുന്നു. ഇക്കാലയളവിനുള്ള രാഹുൽ ഗാന്ധിക്കുള്ള പിന്തുണയും ഉയർന്നിട്ടുണ്ട്. 2025 ഓഗസ്റ്റിൽ 25 ശതമാനം ആയിരുന്നെങ്കിൽ 2026 ജനുവരിയിൽ 27 ശതമാനമായി ഉയർന്നുവെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

പാർട്ടികളുടെ കണക്കുകൾവെച്ചുള്ള സർവേയിൽ ബിജെപിക്ക് ഒറ്റയ്ക്ക് 287 സീറ്റുകൾ ലഭിക്കുമെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ കോൺഗ്രസ് 80 സീറ്റിലേക്കെത്തുമെന്നും പ്രവചിക്കപ്പെടുന്നു.