പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിർദ്ദേശിച്ച് സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. നടൻ്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ചിൻ്റെ തീരുമാനം.
പോക്സോ നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്ന് നടൻ്റെ അഭിഭാഷകരായ ആർ ബസന്ത്, എ കാർത്തിക് എന്നിവർ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്ന് നടൻ കോടതിയെ അറിയിച്ചു. ഹർജി അടുത്തമാസം 28ന് കോടതി വീണ്ടും പരിഗണിക്കും.
നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കസബ പോലീസിന്റേതാണ് നടപടി. കുടുംബത്തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) നിർദേശം നൽകിയതിനെ തുടർന്ന് കസബ പോലീസ് കുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും നടനെതിരെ കേസെടുക്കുകയും ചെയ്തു. കുട്ടിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.



