പരസ്പര സമ്മതത്തോടെയുള്ള ഒരു ബന്ധം പിന്നീട് വഷളാകുമ്പോൾ ക്രിമിനൽ നീതിന്യായ വ്യവസ്ഥ ദുരുപയോഗം ചെയ്ത് പീഡന കേസുകൾ ഫയൽ ചെയ്യുന്നതിൽ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കുന്നത് വിശ്വസിക്കാൻ പ്രയാസമാണെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും ഉജ്ജൽ ഭുയാനും ഉൾപ്പെട്ട ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. വിവാഹബന്ധം നിയമപരമായി നിലനിൽക്കുമ്പോൾ വീണ്ടും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു കേസിൽ, വനിതാ അഭിഭാഷക നൽകിയ പരാതിയെ അടിസ്ഥാനപ്പെടുത്തി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഇത്തരത്തിൽ പരാമർശിച്ചത്. പരാതിക്കാരി വിവാഹിതയാണെന്നും ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നും പിന്നീട് അത് ശത്രുതയിലേക്ക് മാറിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പരാതികൾ വിശ്വാസയോഗ്യമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി.