ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്നത് ഒരു തസ്തികയിലേക്ക് നിയമനം ലഭിക്കാനുള്ള സ്വഭാവിക അവകാശമല്ലെന്ന് സുപ്രീം കോടതിയുടെ നിർണായക വിധി. ഒരു പ്രത്യേക തസ്തികയിലേക്ക് വേണ്ട യോഗ്യത നിശ്ചയിക്കാനുള്ള പൂർണ അധികാരം തൊഴിലുടമയ്ക്കോ ബന്ധപ്പെട്ട സർക്കാരിനോ ആണെന്നും കോടതി നിരീക്ഷിച്ചു. ബിഹാർ ഫാർമസിസ്റ്റ് കേഡർ റൂൾസ് (2014) ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.

ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഡിപ്ലോമ ഇൻ ഫാർമസി (D.Pharm) നിർബന്ധിത യോഗ്യതയായി നിശ്ചയിച്ച സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉയർന്ന ബിരുദങ്ങളായ ബി.ഫാം, എം.ഫാം ഉള്ളവർ തങ്ങളെയും നിയമനത്തിന് പരിഗണിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഈ ചരിത്രപരമായ ഉത്തരവ്.

ഫാർമസി മേഖലയിലെ രജിസ്ട്രേഷനും സർക്കാർ ജോലിയും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം ബിരുദധാരികൾക്ക് രജിസ്ട്രേഷൻ ലഭിക്കുമെങ്കിലും അത് ജോലി ലഭിക്കാനുള്ള ഉറപ്പല്ല. ബിഹാർ സർക്കാരിന്റെ നിയമമനുസരിച്ച് ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഡിപ്ലോമക്കാർക്കാണ് മുൻഗണന നൽകിയിരുന്നത്. ഇതിന് പിന്നിലെ യുക്തിയും കോടതി വിശദീകരിച്ചു. ഡിപ്ലോമ കോഴ്സിന്റെ ഭാഗമായി 500 മണിക്കൂർ ദൈർഘ്യമുള്ള തീവ്രമായ ആശുപത്രി പരിശീലനം നൽകുന്നുണ്ട്. എന്നാൽ ബിരുദധാരികൾക്ക് ഇത് വെറും 150 മണിക്കൂർ മാത്രമാണ്. സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണം ചെയ്യുന്നതിനും രോഗികൾക്ക് കൃത്യമായ ഉപദേശം നൽകുന്നതിനും കൂടുതൽ പ്രായോഗിക പരിശീലനം സിദ്ധിച്ച ഡിപ്ലോമക്കാരാണ് കൂടുതൽ അനുയോജ്യമെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.

ഉയർന്ന ബിരുദധാരികൾക്ക് തൊഴിൽ വിപണിയിൽ ധാരാളം അവസരങ്ങൾ ലഭ്യമാണെന്ന് കോടതി വിലയിരുത്തി. മരുന്ന് നിർമ്മാണ ശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, ഡ്രഗ് ഇൻസ്പെക്ടർ തസ്തികകൾ തുടങ്ങിയ ഇടങ്ങളിൽ ബിരുദധാരികൾക്ക് മുൻഗണനയുണ്ട്. എന്നാൽ ഡിപ്ലോമക്കാർക്ക് ഇത്തരം അവസരങ്ങൾ പരിമിതമാണ്. 

കുറഞ്ഞ യോഗ്യതയുള്ളവർക്ക് മാത്രമായി ചില തസ്തികകൾ മാറ്റിവയ്ക്കുന്നത് അവരോടുള്ള വിവേചനമല്ല, മറിച്ച് ആ വിഭാഗത്തെ സംരക്ഷിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമാണ്. ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്നും മറിച്ച് അർഹരായവർക്ക് നീതി ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. വിവേകശൂന്യമായ നിയമങ്ങൾ അല്ലാത്തപക്ഷം സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാൻ കോടതികൾക്ക് പരിമിതിയുണ്ടെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസ യോഗ്യതകളുടെ തുല്യത തീരുമാനിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന് വിധിയിൽ ആവർത്തിച്ചു. ഒരു തസ്തികയ്ക്ക് ഏത് യോഗ്യതയാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് വിദഗ്ധ സമിതികളും നിയമനം നടത്തുന്ന അതോറിറ്റിയുമാണ്. നിയമന ചട്ടങ്ങൾ മാറ്റിയെഴുതാനോ അല്ലെങ്കിൽ പുതിയ യോഗ്യതകൾ കൂട്ടിച്ചേർക്കാനോ കോടതി മുതിരില്ല. 

സർക്കാരിന്റെ നിയമന നയം യുക്തിസഹമാണെങ്കിൽ അതിൽ തെറ്റില്ല. 2473 ഫാർമസിസ്റ്റ് തസ്തികകളിലേക്കുള്ള നിയമനം തടസ്സപ്പെട്ടുകൊണ്ടുള്ള ഈ നിയമപോരാട്ടത്തിന് ഇതോടെ അന്ത്യമായിരിക്കുകയാണ്. ഉയർന്ന ബിരുദം ഉള്ളതുകൊണ്ട് മാത്രം ഒരാൾക്ക് താഴ്ന്ന തസ്തികയിലേക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്ന ഈ വിധി വരുംകാലങ്ങളിലെ നിരവധി നിയമന തർക്കങ്ങളിൽ വഴിത്തിരിവാകും.