തിരുവനന്തപുരം:കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്രഖ്യാപനം ഫെബ്രുവരി അവസാനം നടത്തും. സിറ്റിങ് എം.എൽ.എ.മാർക്കും ഐക്യകണ്ഠ്യേന തീരുമാനിച്ച മറ്റു സീറ്റുകളുമടക്കം 30 സ്ഥാനാർഥികളെ ആദ്യംതന്നെ പ്രഖ്യാപിക്കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്.
സിറ്റിങ് എം.എൽ.എ.മാരിൽ കെ. ബാബു (തൃപ്പൂണിത്തുറ), രാഹുൽ മാങ്കൂട്ടത്തിൽ (പാലക്കാട്) എന്നിവർക്ക് സീറ്റുണ്ടാകില്ല. സ്ത്രീപീഡനക്കേസ് നേരിടുന്ന എൽദോസ് കുന്നപ്പള്ളി (പെരുമ്പാവൂർ), സഹകരണമേഖലയിലെ ക്രമക്കേടും കോൺഗ്രസ് നേതാവിന്റെ ആത്മഹത്യയുമടക്കം വിവാദത്തിൽപ്പെട്ട ഐ.സി. ബാലകൃഷ്ണൻ (സുൽത്താൻബത്തേരി) എന്നിവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇവരുടെ കാര്യത്തിൽ സംസ്ഥാനനേതൃത്വംതന്നെ തീരുമാനമെടുക്കാനാണ് ഹൈക്കമാൻഡ് നിർദേശം.
കെ. മുരളീധരൻ (വട്ടിയൂർക്കാവ്), ടി.എൻ. പ്രതാപൻ (മണലൂർ), വി.ടി. ബൽറാം (തൃത്താല), അയിഷ പോറ്റി (കൊട്ടാരക്കര) തുടങ്ങിയവരുൾപ്പെടെ സ്ഥാനാർഥിത്വം ഉറപ്പിച്ച മറ്റുചില സീറ്റുകൾകൂടി ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കും. ഘടകകക്ഷികളുമായി ധാരണയിലെത്തിയാലേ ചില സീറ്റുകളിൽ വ്യക്തതവരൂ.
കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച അടിയന്തരമായി ഡൽഹിയിലെത്തി. നിലവിൽ എം.എൽ.എ.യായ അദ്ദേഹം തുടർന്നും മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. സണ്ണി ജോസഫ് മത്സരിച്ചാലും കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതലയിൽ അദ്ദേഹം തുടരണമെന്ന സൂചനയാണ് ഹൈക്കമാൻഡ് നൽകിയത്. നേരത്തേ രമേശ് ചെന്നിത്തലയും കെ. സുധാകരനും കെ.പി.സി.സി. പ്രസിഡന്റായിരുന്ന് മത്സരിച്ചപ്പോൾ പകരം ചുമതലനൽകിയിരുന്നു.



