റോമിൽനിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കൊട്ടാരമാണ് കാസ്റ്റൽ ഗാൻഡോൾഫോ കൊട്ടാരം. മാർപാപ്പമാരുടെ വേനൽകാല വസതിയായി ഖ്യാതി നേടിയ ഈ കൊട്ടാരത്തിലേക്ക് മെയ് 29 ന് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ആദ്യ യാത്ര നടത്തിയിരുന്നു.
ജൂലൈ ആറു മുതൽ 20 വരെയും ഓഗസ്റ്റ് 15 മുതൽ 17 വരെയും പാപ്പ കാസിൽ ഗാൻഡോൾഫോയിലെ പൊന്തിഫിക്കൽ വില്ലകളിൽ ചെലവഴിക്കുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു.

ജൂലൈ 13, 20, ഓഗസ്റ്റ് 15 തീയതികളിൽ പാപ്പ പ്രാദേശിക കാസിൽ ഗാൻഡോൾഫോ ഇടവകയിൽ ദിവ്യബലി അർപ്പിക്കുമെന്നും തുടർന്ന് ലിബർട്ടി സ്‌ക്വയറിൽനിന്ന് പ്രധാന പേപ്പൽ വസതിക്കുമുന്നിൽ നിന്നുകൊണ്ട് ആഞ്ചലൂസ് പ്രാർഥന നയിക്കുമെന്നും പേപ്പൽ ഹൗസ്‌ഹോൾഡിന്റെ പ്രിഫെക്ചർ അറിയിച്ചു. ഓഗസ്റ്റ് 17 ന്, പാപ്പ വത്തിക്കാനിലേക്കു മടങ്ങുന്നതിനുമുമ്പും ആഞ്ചലൂസ് പ്രാർഥന നയിക്കും. ജൂലൈയിൽ ഭൂരിഭാഗവും പാപ്പ സ്വകാര്യമോ, പൊതുവോ ആയ സദസ്സുകൾ നടത്തില്ല. ബുധനാഴ്ചത്തെ പൊതുസദസ്സുകൾ ജൂലൈ 30 ന് പുനരാരംഭിക്കും.

നിരവധി നൂറ്റാണ്ടുകളായി മാർപാപ്പമാരുടെ ഒരു അഭയസ്ഥാനമായിരുന്ന അപ്പസ്തോലിക കൊട്ടാരം

കാസ്റ്റൽ ഗാൻഡോൾഫോയിലെ പേപ്പൽ കൊട്ടാരം, അല്ലെങ്കിൽ കാസ്റ്റൽ ഗാൻഡോൾഫോയിലെ അപ്പസ്തോലിക് കൊട്ടാരം എന്ന പേര് അതിന്റെ ഇറ്റാലിയൻ നാമമായ ‘പലാസോ അപ്പസ്തോലിക്കോ ഡി കാസ്റ്റൽ ഗാൻഡോൾഫോ’യിൽ നിന്നാണ് ഉദ്ഭവിച്ചത്. 135 ഏക്കർ (54.6-ഹെക്ടർ) വിസ്തൃതിയുള്ള കെട്ടിടസമുച്ചയമാണ് ഇത്. ഇറ്റലിയിലെ കാസ്റ്റൽ ഗാൻഡോൾഫോ നഗരത്തിലെ ഒരു ഉദ്യാന പശ്ചാത്തലത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഏകദേശം 75 ഏക്കർ കൃഷിഭൂമിയും ഫാം ഹൌസും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പ്രധാനഘടനയായ പേപ്പൽ കൊട്ടാരം 2016 ഒക്ടോബർ മുതൽ ഒരു മ്യൂസിയമാണ്. നൂറ്റാണ്ടുകളായി കത്തോലിക്ക സഭയുടെ അമരക്കാരനായ മാർപാപ്പയുടെ വേനൽക്കാല വസതിയായും അവധിക്കാല വിശ്രമകേന്ദ്രമായും ഇത് പ്രവർത്തിച്ചുവരുന്നു. കൂടാതെ അന്യദേശത്തുള്ള ഹോളിസീയുടെ സ്വത്തുക്കളിൽ ഒന്നെന്ന പദവിയും ഇതിനുണ്ട്. അൽബാനോ തടാകത്തിന് അഭിമുഖമായാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്.

ചരിത്രം

വത്തിക്കാൻ നിരീക്ഷണാലയത്തിന്റെ താഴികക്കുടങ്ങൾ മധ്യത്തിൽ ദൃശ്യമാകുന്ന കാസ്റ്റൽ ഗാൻഡോൾഫോ കൊട്ടാരം 1596 ലാണ് വത്തിക്കാൻ ഏറ്റെടുക്കുന്നത്. ഇത് നിർമ്മിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണ്. സ്വിസ്-ഇറ്റാലിയൻ വാസ്തുശിൽപിയായ കാർലോ മഡെർണോയാണ് ഈ കൊട്ടാരം രൂപകൽപന ചെയ്തത്. അതിനുശേഷം അദ്ദേഹത്തിന്റെ പിൻഗാമികളിൽ പകുതിയോളം പേർ വേനൽകാല വസതിയായും അവധിക്കാല വിശ്രമകേന്ദ്രമായും ഇവിടം ഉപയോഗിച്ചു. പിന്നീട് പിയൂസ് പതിനൊന്നാമൻ മാർപാപ്പ ഇവിടുത്തെ സൗകര്യങ്ങൾ നവീകരിച്ചു. 1934 ൽ വീണ്ടും ഇവിടെ സജീവമായി. 1929 ലെ ലാറ്ററൻ ഉടമ്പടിപ്രകാരം കൊട്ടാരവും പിയൂസ് പതിനൊന്നാമൻ മാർപാപ്പ സമുച്ചയത്തിൽ ചേർത്ത വില്ല ബാർബെറിനിയും ഹോളി സീയുടെ അന്യദേശ സ്വത്തുക്കളാണ്.

രണ്ടാം ലോകമഹായുദ്ധസമയത്ത്, അജ്ഞാതമായ ഒരുകൂട്ടം ജൂത അഭയാർഥികൾ ഹോളിസീയുടെ സംരക്ഷണയിൽ കൊട്ടാരത്തിൽ അഭയം തേടിയിരുന്നു. അതുകൂടാതെ 1944 ൽ സഖ്യകക്ഷികളുടെ ബോംബാക്രമണങ്ങളിൽനിന്ന് അഭയം തേടാൻ നിരവധി ആളുകൾ ഈ സ്ഥലം ഉപയോഗിച്ചു. എന്നിരുന്നാലും അത്തരമൊരാക്രമണത്തിൽ 500 ലധികം പേർ മരിച്ചു. 1958 ൽ പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ ഈ കൊട്ടാരത്തിൽവച്ചാണ് മരണമടഞ്ഞത്. ശേഷം 1978 ൽ പോൾ ആറാമൻ മാർപാപ്പയുടെയും അന്ത്യനിമിഷങ്ങൾ ഇവിടെത്തന്നെയായിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ കൊട്ടാരത്തിൽ ഒരു നീന്തൽക്കുളം നിർമ്മിച്ചു.

തന്റെ പാപ്പത്വത്തിന്റെ അവസാന ദിവസങ്ങളിലൊന്നായ 2013 ഫെബ്രുവരി 28 ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കൊട്ടാരം സന്ദർശിച്ചിരുന്നു.

ഫ്രാൻസിസ് മാർപാപ്പ ആകെ മൂന്നു തവണയാണ് ഇവിടം സന്ദർശിച്ചത്. പക്ഷേ, ഒരു രാത്രിപോലും അവിടെ താമസിച്ചിരുന്നില്ല. 2013 ജൂണിൽ, തന്റെ മുൻഗാമികളിൽ പലരും ചെയ്തിരുന്നതുപോലെ കാസ്റ്റൽ ഗാൻഡോൾഫോയിൽ വേനൽകാലം ചെലവഴിക്കില്ലെന്നും ജൂലൈ 14 ന് അവിടെ ആഞ്ചലൂസ്‌ പ്രാർഥന നയിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിരമിച്ചതിനുശേഷം, 2015 ൽ ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണപ്രകാരം മുൻ മാർപാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമൻ തന്റെ രണ്ടാഴ്ചത്തെ അവധിക്കാലം അവിടെ ചെലവഴിച്ചിരുന്നു.

2013 ഡിസംബർ ഏഴിന് ഫ്രാൻസിസ് മാർപാപ്പ ഓസ്വാൾഡോ ജിയാനോലിയെ കാസ്റ്റൽ ഗാൻഡോൾഫോയിലെ പൊന്തിഫിക്കൽ വില്ലകളുടെ ഡയറക്ടറായി നിയമിച്ചു. 2014 മാർച്ചിൽ, ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ മുതൽ സന്ദർശകർക്കായി വത്തിക്കാൻ ബാർബെറിനി ഗാർഡൻസ് തുറന്നുകൊടുത്തു.

2015 സെപ്റ്റംബർ 11 മുതൽ, മാർപാപ്പയുടെ ഉപയോഗത്തിനായി മുമ്പ് റിസർവ് ചെയ്തിരുന്ന ഒരു ട്രെയിനിൽ പൊതുജനങ്ങൾക്ക് വത്തിക്കാൻ സിറ്റിയിൽനിന്ന് കാസ്റ്റൽ ഗാൻഡോൾഫോയിലേക്ക് യാത്രചെയ്യാൻ കഴിഞ്ഞു. വർഷാവസാനത്തിനു മുമ്പ്, വത്തിക്കാൻ ജീവനക്കാർക്കുമാത്രം ലഭ്യമായിരുന്ന ഫാമിൽ നിന്നുള്ള ഉൽപന്നങ്ങൾ പൊതുജനങ്ങൾക്കും ലഭ്യമായിത്തുടങ്ങി.

2016 ഒക്ടോബർ 21 ന്, ഘടനാപരമായ മാറ്റങ്ങളൊന്നും വരുത്താതെ കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

1929 ലെ ലാറ്ററൻ ഉടമ്പടിപ്രകാരം, കാസ്റ്റൽ ഗാൻഡോൾഫോയിലെ പേപ്പൽ കൊട്ടാരം ഇറ്റാലിയൻ പ്രദേശമാണ്. ഇറ്റാലിയൻ നികുതികളിൽ നിന്നും കൈവശപ്പെടുത്തലുകളിൽ നിന്നും ഇത് ഒഴിവാക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ സമ്മതമില്ലാതെ ഇറ്റാലിയൻ അധികാരികൾ അതിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു.

പേപ്പൽ കൊട്ടാരത്തിനുപുറമെ ആകർഷകമായ കാഴ്ചകൾ ഇവിടെയുണ്ട്. അതിലൊന്നാണ് ബാർബെറിനി ഗാർഡൻസ്. അതിമനോഹരമായി അലങ്കരിച്ച പേപ്പൽ ഗാർഡൻസ് കാണാൻ ഒരു കാഴ്ചയാണ്. വർഷത്തിൽ ഏതുസമയത്ത് നിങ്ങൾ സന്ദർശിച്ചാലും ചുറ്റും പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ നിങ്ങളെ സ്വാഗതം ചെയ്യും. 1933 ൽ ഒരുപുറം സങ്കേതവും ധ്യാനസ്ഥലവും ആഗ്രഹിച്ച പിയൂസ് പതിനൊന്നാമൻ മാർപാപ്പയുടെ നിർദേശപ്രകാരം രൂപകൽപന ചെയ്ത ഗിയാർഡിനോ ഡെല്ല മഡോണിനയുടെ തണലിൽ നിങ്ങൾക്കു വിശ്രമിക്കാം. ഗിയാർഡിനോ ഡെൽ ബെൽവെഡെരെയുടെ കാഴ്ചകൾക്കൊപ്പം അവിടെ ചരിത്രപരമായ ശിൽപങ്ങൾ കൂടി കാണാൻ സാധിക്കും. പ്രകൃതിസൗന്ദര്യം, ലാൻഡ്സ്കേപ്പ് ഡിസൈൻ, പുരാവസ്തു അവശിഷ്ടങ്ങൾ എന്നിവയുടെ തികഞ്ഞ സംയോജനമാണ് പേപ്പൽ ഗാർഡൻസ്.

ബെൽവെഡെരെ ഗാർഡൻസ്

ബെൽവെഡെരെ എന്നാൽ ‘മനോഹരമായ കാഴ്ച’ എന്നാണ് അർഥമാക്കുന്നത്. ഈ പൂന്തോട്ടങ്ങൾ തീർച്ചയായും അതിന്റെ പേരിന് അർഥം കൊണ്ടുക്കുന്നതാണ്. ഇവിടെ നിങ്ങൾക്ക് കുളങ്ങളും ജലധാരയും കാണാം. വലതുവശത്ത് ഡസൻകണക്കിന് സസ്യങ്ങളും വള്ളികളുംകൊണ്ട് അലങ്കരിച്ച ഡൊമിഷ്യൻ ചക്രവർത്തിയുടെ പുരാതന ക്രിപ്‌റ്റോപോർട്ടിക്കസ് (ഇരുവശങ്ങളും മുകൾഭാഗവും മൂടപ്പെട്ട രീതിയിലുള്ള നടപ്പാത) കാണാം. ഡൊമിഷ്യൻ നടക്കാനിറങ്ങുമ്പോൾ സംരക്ഷിക്കപ്പെടുന്നതിനായിട്ടാണ് 300 മീറ്റർ നീളമുള്ള ഈ പാത നിർമ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1,900 വർഷങ്ങൾക്കുശേഷം, രണ്ടാം ലോകമഹായുദ്ധസമയത്ത്, നാസികളിൽ നിന്നുള്ള പീഡനങ്ങളിൽനിന്ന് രക്ഷപെട്ട് കാസ്റ്റൽ ഗാൻഡോൾഫോയിലേക്ക് പലായനം ചെയ്ത ഡസൻകണക്കിന് കുടുംബങ്ങൾക്ക് അഭയം നൽകാൻ ഇത് ഉപയോഗിച്ചു.

ബെർണിനി ജലധാരകൾ

നവോത്ഥാന നായകനായ ഗിയാൻ ലോറെൻസോ ബെർണിനിയുടെ ജലധാരകൾ റോമിന് ‘ഓപ്പൺ-എയർ മ്യൂസിയം’ എന്ന പദവി നേടിക്കൊടുത്തു. ഊർബൻ എട്ടാമൻ മാർപാപ്പയാണ് ഇതിന്റെ നിർമ്മാണം നടത്തിയത്. ബറോക്ക് ശിൽപിയായ ഗിയാൻ ലോറെൻസോ ബെർണിനിതന്നെ നിർമ്മിച്ച ഫോണ്ടാന ഡെൽ ട്രൈറ്റോൺ (ട്രൈറ്റൺ ജലധാര) ന്റെ ജലപ്രവാഹം നിയന്ത്രിക്കുന്നതിനാണ് ഇത് സൃഷ്ടിച്ചത്. ആവശ്യകതയുടെ അടിസ്ഥാനത്തിൽ നിർമ്മിച്ചതാണെങ്കിലും, ഈ ജലധാര ചതുരത്തിന്റെയും പ്രധാന ജലധാരയുടെയും യോജിപ്പും സ്ഥിരതയുമുള്ള ഒരു ലേഔട്ട് നിലനിർത്തുന്നു. ഇത് ബെർണിനിയുടെ ഭംഗി വർധിപ്പിക്കുന്നു.

ലോകത്തിലെ ആദ്യത്തെ പോസ്റ്റ്ബോക്സ്

പിയാസ ഡെല്ല ലിബർട്ട, കാസ്റ്റൽ ഗാൻഡോൾഫോയിലെ പ്രധാന സ്ക്വയർ സ്റ്റേഷനിൽനിന്ന് 15 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ്. സ്ക്വയർ ഒരു കുന്നിൻമുകളിലായതിനാൽ കുത്തനെവേണം നടക്കാൻ. പക്ഷേ ഇവിടെ എത്തിയാൽ ഈ ഗ്രാമത്തിന്റെ അന്തരീക്ഷം നിങ്ങളുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കും. പിയാസ ഡെല്ല ലിബർട്ടയുടെ പ്രധാന ആകർഷണം സ്ക്വയറിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പേപ്പൽ കൊട്ടാരത്തിന്റെ മുൻഭാഗമാണ്. ലോകത്തിലെ ആദ്യത്തെ പോസ്റ്റ്ബോക്സും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ അവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും അവിടെനിന്നു കത്തുകളയയ്ക്കാറുണ്ട്. ഗ്രാമത്തിന്റെ കേന്ദ്രപള്ളിയായ സാൻ ടോമാസോ പള്ളിയും നിങ്ങൾക്ക് സന്ദർശിക്കാം.

അൽബാനോ തടാകം

പിയാസ ഡെല്ല ലിബർട്ടയിൾ നിന്നും ഒരു കാപ്പി കുടിച്ചശേഷം നിങ്ങൾക്ക് സന്ദർശിക്കാൻ ബാക്കിയുള്ളത് അൽബാനോ തടാകമാണ്. തടാകത്തിലൂടെ ബോട്ടുയാത്ര അനുവദനീയമാണ്. ലാസിയോ മേഖലയിലെ ഏറ്റവും ആഴമേറിയ തടാകമാണ് അൽബാനോ തടാകം.