ഹിരാകാശ സഞ്ചാരിയാകാനും വ്യോമസേനയിൽ പൈലറ്റാകാനും ഷാരൂഖ് ഖാനെ ആരാധിച്ച് സിനിമയുടെ നിറങ്ങളിൽ അഭിരമിക്കാനും മാറി മാറി മോഹിച്ച ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു പണ്ട് ബിഹാറിൽ. ബിഹാർ സംസ്ഥാന കൈത്തറി കോർപ്പറേഷന്റെ റിട്ട.ടെക്‌നിക്കൽ ഓഫീസർ കൃഷ്ണ കുമാർ സിംഗിന്റെയും വീട്ടമ്മയായിരുന്ന ഉഷാ സിംഗിന്റെയും മകൻ സുശാന്ത് സിംഗ് രാജ്പുത്. പട്‌നയിലെ സെന്റ് കരൺസ് ഹൈസ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സുശാന്തിന് ഫിസിക്‌സിലായിരുന്നു കമ്പം.2002 ൽ അമ്മ മരിച്ചപ്പോൾ പട്‌നയിലെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ കുടുംബത്തോടൊപ്പം സുശാന്ത് ഡൽഹിയിലേക്ക് കുടിയേറി.ഡൽഹിയിൽ കുലച്ചി ഹൻസ് രാജ് മോഡൽ സ്‌കുളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.അസ്‌ട്രോ ഫിസിക്‌സിലായിരുന്നു അപ്പോൾ താൽപര്യം. ഡൽഹി കോളേജ് ഓഫ് എഞ്ചിനീയറിഗിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് ചേർന്ന സുശാന്ത് പഠനത്തിനിടയിൽ ഡാൻസിലേക്കും അഭിനയപഠനത്തിലേക്കും തിരിഞ്ഞു. അത് സിനിമയിലേക്കുള്ള വഴിയായി. 2020 ൽ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തും വരെ സുശാന്ത് യുവചലച്ചിത്രതാരങ്ങൾക്കിടയിൽ വ്യത്യസ്ത മുദ്രപതിപ്പിച്ച വ്യക്തിത്വമായിരുന്നു. കായ്‌പോചെ, എം.എസ്.ധോണി :ദ അൺടോൾഡ് സ്റ്റോറി,കേദാർനാഥ് ,ചിചോരെ തുടങ്ങിയ സിനിമകളിലൂടെ സുശാന്ത് ബോളിവുഡിൽ പേരുറപ്പിച്ചിരുന്നു.