മിസൈൽ വ്യോമാക്രമണങ്ങളിൽനിന്ന് രാജ്യത്തെസംരക്ഷിക്കാൻ നൂതനമായ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ വച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് മിഷൻ സുദർശൻ ചക്ര എന്ന പദ്ധതി പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. ഇന്ത്യയുടെ അഭിമാന പദ്ധതിയിൽ പങ്കുചേരാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ റഷ്യ.

ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി റൊമൻ ബബുഷ്കിനാണ് പദ്ധതിയിൽ പങ്കാളിയാകാനുള്ള റഷ്യയുടെ താത്പര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ സുദർശൻ ചക്ര പദ്ധതിയിൽ റഷ്യൻ ഉപകരണങ്ങൾ ഉണ്ടാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബബുഷ്കിൻ സുദർശൻ ചക്രയിലെ റഷ്യയുടെ താത്പര്യം പ്രകടിപ്പിച്ചത്. സൈനിക മേഖലയിൽ നിലവിൽ ഇന്ത്യയും റഷ്യയും സഹകരിക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന് ഇന്ത്യ നൽകിയിരിക്കുന്നത് സുദർശൻ ചക്ര എന്നപേരാണ്. ഇതേ പേരിലാണ് പുതിയ സംയോജിത വ്യോമപ്രതിരോധ സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ നട്ടെല്ലായാണ് എസ്-400 പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുദർശൻ ചക്ര പദ്ധതിയിൽ സഹകരിക്കാനുള്ള താത്പര്യം റഷ്യൻ ഉപസ്ഥാനപതിയുടെ വാക്കുകളീലൂടെ പുറത്തുവന്നത്.

ഇന്ത്യ ഉപയോഗിക്കുന്ന ആയുധങ്ങളിൽ 30 ശതമാനത്തോളം റഷ്യൻ നിർമിതമാണ്. ഇന്ത്യയുമായി കൂടുതൽ സഹകരണത്തിനുള്ള സാധ്യത റഷ്യ തേടുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബബുഷ്കിന്റെ പ്രസ്താവന. അതേസമയം, ട്രംപ് അടിച്ചേൽപ്പിച്ച തീരുവയെ തുടർന്ന് ഇന്ത്യയ്ക്കുള്ള റഷ്യയുടെ പിന്തുണയും അദ്ദേഹം ആവർത്തിച്ചു. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നതിന് ഇന്ത്യയ്ക്കെതിരെ അമിതമായി നികുതി ചുമത്തുന്നത് നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യു.എസ് വിപണിയിൽ പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിൽ, റഷ്യൻ വിപണിയിലേക്ക് ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങളെ സ്വാഗതം ചെയ്യുന്നു- ബബുഷ്കിൻ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ യുഎസ് നികുതികൾ നീതികരിക്കാനാകാത്തതാണ്. ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഇന്ത്യ- റഷ്യ ഊർജ്ജ സഹകരണം തുടർന്നും മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വെല്ലുവിളിനിറഞ്ഞ സമയമാണ്. പക്ഷെ, ഞങ്ങൾക്ക് പരസ്പരമുള്ള ബന്ധത്തിൽ വിശ്വാസമുണ്ട്- അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒരു സുഹൃത്തായാണ് കാണുന്നതെങ്കിൽ യുഎസ് ഒരിക്കലും ഇതുപോലെ പെരുമാറില്ലെന്നും ബബുഷ്കിൻ പറഞ്ഞു.