സുഡാനിലെ ഡാർഫർ മേഖലയിലെ എൽ-ഫാഷറിൽ കൂട്ടമൃതസംസ്കാരങ്ങൾ നടത്തുന്നത് വെളിപ്പെടുത്തുന്ന ഉപഗ്രഹചിത്രങ്ങൾ ലഭ്യമായി. അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ ആക്രമണത്തിൽ ആയിരങ്ങളെയാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം കൂട്ടമൃതസംസ്‌കാരം നടത്തിയത് വ്യക്തമാക്കുന്നതാണ് ഈ ഉപഗ്രഹചിത്രങ്ങൾ. ഇത് നഗരത്തിലുണ്ടായ അക്രമണങ്ങളുടെ വ്യാപ്തിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയാണ്.

മാക്‌സർ ടെക്‌നോളജീസ് എന്നറിയപ്പെട്ടിരുന്ന കൊളറാഡോ ആസ്ഥാനമായുള്ള ഇമേജിംഗ് സ്ഥാപനമായ വാന്റർ പകർത്തിയ എൽ-ഫാഷറിന്റെ ചിത്രങ്ങൾ യേൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഹ്യുമാനിറ്റേറിയൻ റിസർച്ച് ലാബ് വിശകലനം ചെയ്തു. ഇതുപ്രകാരം, നഗരത്തിലെ രണ്ടു സ്ഥലങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കുഴിച്ച് പിന്നീട് മൂടുന്നതായി വ്യക്തമാക്കുന്നു. അതിലൊന്ന് സൗദി ആശുപത്രിയുടെ വടക്കുള്ള ഒരു പള്ളിയിലാണ്. ഇവിടെ 460 പേർ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റൊന്ന്, മുൻപ് കുട്ടികളുടെ ആശുപത്രിയായിരുന്നിടത്താണ്. ഇവിടെ ആർ‌എസ്‌എഫ് ജയിലായി ഉപയോഗിച്ചിരുന്ന ഇടമാണെന്ന് ഗവേഷകർ പറയുന്നു.

“ഒരു കൂട്ടക്കുഴിമാടത്തിന്റെ വലിപ്പം നോക്കി എത്ര മൃതദേഹങ്ങൾ സംസ്കരിക്കാമെന്ന് പറയാൻ കഴിയില്ല. കാരണം, പലപ്പോഴും മൃതദേഹങ്ങൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവയ്ക്കാറുണ്ട്” – ഗവേഷകരുടെ റിപ്പോർട്ടിൽ പറയുന്നു.

സുഡാനിൽ തുടരുന്ന അക്രമങ്ങൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം വർധിച്ചുവരുന്നതിനിടെയാണ് എൽ-ഫാഷറിന്റെ ചിത്രങ്ങൾ പുറത്തുവരുന്നത്. എൽ-ഒബീദ് എന്ന മറ്റൊരു നഗരത്തിലെ സംസ്കാരചടങ്ങിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി പ്രാദേശിക മാധ്യമങ്ങളും ഐക്യരാഷ്ട്രസഭയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ 40 പേരോളം കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.