ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ പുനരവതാരമായി എത്തുന്ന പിന്‍ഗാമിക്ക് തങ്ങളുടെ അംഗീകാരം ആവശ്യമാണെന്ന ചൈനയുടെ നിലപാടിനെ ശക്തമായി എതിര്‍ത്ത് ഇന്ത്യ. ദലൈലാമയുടെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ ടിബറ്റന്‍ ആത്മീയ നേതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 

ടിബറ്റുകാര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ എല്ലാ അനുയായികള്‍ക്കും ദലൈലാമയുടെ സ്ഥാനം അത്യധികം പ്രാധാന്യമുള്ളതാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പ്രസ്താവനയില്‍ പറഞ്ഞു. കിരണ്‍ റിജിജുവും ജനതാദള്‍ (യു) നേതാവ് ലല്ലന്‍ സിങ്ങും ദലൈലാമയുടെ 90ാം ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികളായി ധര്‍മശാലയില്‍ എത്തിയിട്ടുണ്ട്. 

ദലൈലാമയെ തിരഞ്ഞെടുക്കുന്ന 600 വര്‍ഷം പഴക്കമുള്ള പാരമ്പര്യം തന്റെ ജീവിതകാലത്തിന് ശേഷവും തുടരുമെന്നും 15ാമത് ദലൈലാമയുടെ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഗാഡന്‍ ഫോഡ്രാംഗ് ട്രസ്റ്റില്‍ നിക്ഷിപ്തമാണെന്നും നാടുകടത്തപ്പെട്ട ടിബറ്റന്‍ ആത്മീയ നേതാവ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ അനുമതിയില്ലാതെ തെരഞ്ഞെടുക്കുന്ന ലാമയെ അംഗീകരിക്കില്ലെന്നാണ് ചൈനയിലെ ഷി ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. 

1950 ലാണ് ചൈന ടിബറ്റില്‍ അധിനിവേശം ആരംഭിച്ചത്. നീണ്ടകാലത്തെ പോരാട്ടത്തിന് ശേഷം 1959 ല്‍ ദലൈലാമയും പതിനായിരത്തോളം അനുയായികളും കാല്‍നടയായി ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു. ചൈനീസ് എതിര്‍പ്പ് അവഗണിച്ച് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ ലാമയ്ക്കും അനുയായികള്‍ക്കും ഇന്ത്യ അഭയം നല്‍കി. ആറ് പതിറ്റാണ്ടിലേറെയായി ചൈനീസ് അധിനിവേശത്തിനെതിരെ ടിബറ്റന്‍ ജനതയുടെ പോരാട്ടത്തെ നയിച്ചുവരികയാണ് ദലൈലാമ.