ന്യൂഡൽഹി: ഇന്ത്യയുമായുള്ള സൈനിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, തങ്ങളുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ്-57 ഇന്ത്യയ്ക്ക് നൽകാൻ റഷ്യ ഔദ്യോഗിക നിർദ്ദേശം മുന്നോട്ടുവെച്ചു. ഏകദേശം രണ്ട് സ്ക്വാഡ്രണുകളിലായി 36 മുതൽ 40 വരെ വിമാനങ്ങൾ നൽകാനാണ് മോസ്കോ തയ്യാറായിരിക്കുന്നത്. റഷ്യൻ വാർത്താ ഏജൻസിയായ ടാസിനെ (TASS) ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഈ പ്രതിരോധ ഇടപാട് യാഥാർത്ഥ്യമായാൽ 2027-നും 2028-നും ഇടയിൽ വിമാനങ്ങളുടെ കൈമാറ്റം ആരംഭിക്കും. 2030-31 കാലയളവോടെ വിമാനങ്ങൾ പൂർണ്ണമായും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പ്രവർത്തനസജ്ജമാകുന്നത് വരെയുള്ള ഒരു ഇടക്കാല പരിഹാരമായി റഷ്യൻ വിമാനം വാങ്ങുന്നതിനേപ്പറ്റി കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് റഷ്യ ഔദ്യോഗികമായി നിർദ്ദേശം മുന്നോട്ടുവെച്ചത്.
ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുമായി ബന്ധപ്പെടുത്തി വിമാന നിർമ്മാണത്തിന്റെ 50 ശതമാനം വരെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (HAL) ചേർന്ന് ഇന്ത്യയിൽ തന്നെ പൂർത്തിയാക്കാൻ റഷ്യ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ മഹാരാഷ്ട്രയിലെ നാസിക്കിലെ പ്ലാന്റിലാകും വിമാനം നിർമിക്കുക. റഷ്യൻ അധികൃതർ ഈ പ്ലാന്റ് സന്ദർശിച്ച് എസ്.യു-57 നിർമിക്കാനാവശ്യമായ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. അതേസമയം നിലവിൽ ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്, അന്തിമ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നിർമാണത്തിനാവശ്യമായ സാങ്കേതിക വിദ്യ കൈമാറ്റത്തിനും റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിലവിൽ എൽ-41എഫ്1 എൻജിനുകളാണ് ഈ വിമാനങ്ങളിൽ ഉപയോഗിക്കുന്നത്. എന്നാൽ ഭാവിയിൽ വിമാനത്തിന്റെ കരുത്തും സ്റ്റെൽത്ത് ശേഷിയും വർദ്ധിപ്പിക്കുന്ന അടുത്ത തലമുറ എൻജിനുകൾ ഇതിൽ ഉൾപ്പെടുത്താമെന്നും റഷ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. വായുസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിലൂടെ പ്രാദേശികമായി ഇന്ത്യയ്ക്ക് വലിയ പ്രതിരോധ മേധാവിത്വം നേടാൻ ഈ വിമാനങ്ങൾ സഹായിക്കും.
എങ്കിലും ഈ കരാറിൽ ഒപ്പിടുന്നതിന് മുമ്പ് ഇന്ത്യ പല ഘടകങ്ങളും പരിശോധിക്കുന്നുണ്ട്. പദ്ധതിയുടെ ആകെ ചെലവ്, കൈമാറുന്ന സാങ്കേതികവിദ്യയുടെ ആഴം, ഒരു വിദേശ രാജ്യത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയുടെ സ്വതന്ത്രമായ തന്ത്രപ്രധാന നിലപാടുകളെ ബാധിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ പ്രധാനമായും പരിഗണിക്കുന്നത്. വരും മാസങ്ങളിൽ സാങ്കേതികവും സാമ്പത്തികവുമായ വിശദമായ പഠനങ്ങൾ നടന്ന ശേഷമേ ഇന്ത്യ ഈ വിമാനങ്ങൾ വാങ്ങുന്ന കാര്യത്തിൽ വ്യക്തത വരുത്തുകയുള്ളൂ.
നേരത്തെ ഇന്ത്യയിൽ വിമാനം നിർമിക്കാൻ വലിയ വാഗ്ദാനങ്ങൾ റഷ്യനൽകിയിരുന്നു. വിമാനത്തിന്റെ സോഴ്സ് കോഡ് ഉൾപ്പെടെ കൈമാറാമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക വിദ്യ കൈമാറ്റമുൾപ്പെടെ 100 യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് വിൽക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്. ഇതിന് പുറമെ ഇന്ത്യയുമായുണ്ടായിരുന്ന പഴയ അഞ്ചാംതലമുറ യുദ്ധവിമാന സഹകരണ കരാർ പുനരുജ്ജീവിപ്പിക്കാനും റഷ്യ പദ്ധതിയിടുന്നുണ്ട്. ഇരുരാജ്യങ്ങളും സഹകരിച്ച് ഇരട്ട സീറ്റുള്ള എസ്.യു-57 വികസിപ്പിക്കാനാണ് നീക്കം. എന്നാൽ ഇതിന് കൂടുതൽ പണച്ചെലവുണ്ടാകുമെന്നതും തദ്ദേശീയമായ എഎംസിഎ പദ്ധതിയിൽ വലിയ നിക്ഷേപം നടത്തിയിട്ടുള്ളതിനാലും ഇക്കാര്യത്തിൽ മുന്നോട്ടുപോകാൻ സാധ്യതയില്ല. ഗവൺമെന്റ് തലത്തിലുള്ള ഇടപാടിലൂടെ രണ്ട് സ്ക്വാഡ്രൺ വാങ്ങാനാണ് ഇന്ത്യ ആലോചിക്കുന്നത്.



