ന്യൂഡൽഹി: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച കോളജ് വിദ്യാർഥി മരിച്ചു. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉജ്ജ്വൽ റാണ(22)എന്ന വിദ്യാർഥിയാണ് മരിച്ചത്.
ഉത്തർപ്രദേശിലെ മുസാഫർപുർ ജില്ലയിലെ ബുധാനയിലെ ഡിഎവി കോളജിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിയായ ഉജ്ജ്വൽ ശനിയാഴ്ചയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
70 ശതമാനം പൊള്ളലേറ്റ വിദ്യാർഥിയെ ആദ്യം പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഉജ്ജ്വൽ കോളജിൽ പ്രതിഷേധിച്ചു. ഇതേതുടർന്ന് കോളജ് പ്രിൻസിപ്പൽ പോലീസിനെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ പോലീസുകാർ ഉജ്ജ്വലിനെ ഉപദ്രവിച്ചുവെന്ന് കുടുംബം ആരോപിച്ചു.
കോളജ് മാനേജർ അരവിന്ദ് ഗാർഗ്, പ്രിൻസിപ്പൽ പ്രദീപ് കുമാർ, അധ്യാപകൻ സഞ്ജീവ് കുമാർ, മൂന്ന് പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഉജ്ജ്വലിന്റെ സഹോദരി സലോണി റാണ പരാതി നൽകി.
സബ് ഇൻസ്പെക്ടർ നന്ദ് കിഷോർ, കോൺസ്റ്റബിൾമാരായ വിനീത്, ഗ്യാൻവീർ എന്നീ മൂന്ന് പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്എസ്പി സഞ്ജയ് കുമാർ പറഞ്ഞു.
അതേസമയം, വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ജില്ലാ അധികാരികൾക്ക് നിർദ്ദേശം നൽകിയതായി ഉത്തർപ്രദേശ് മന്ത്രി അനിൽ കുമാർ പറഞ്ഞു. ഭരണകക്ഷിയായ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) സംഭവത്തെ അപലപിക്കുകയും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കേസിൽ പരാമർശിക്കപ്പെട്ട കോളജ് അധികൃതരെയും പോലീസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.



