ന്യൂയോർക്കിലെതല്ല, ബ്രസീൽ നഗരമായ ഗ്വായ്ബയിൽ സ്ഥാപിച്ചിരുന്ന സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ വലിയ മാതൃക ശക്തമായ കൊടുങ്കാറ്റിൽ നിലംപൊത്തി തകർന്നു. ഏകദേശം 40 മീറ്റർ (114 അടി) ഉയരമുള്ള ഈ പ്രതിമ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്ന് പ്രാദേശിക അധികൃതരും പ്രതിമയുടെ ഉടമസ്ഥരായ കമ്പനിയും അറിയിച്ചു.

തെക്കൻ ബ്രസീലിലൂടെ കൊടുങ്കാറ്റ് നീങ്ങിയപ്പോഴാണ് ശക്തമായ കാറ്റ് പ്രതിമയെ പിടിച്ചുലച്ചത്. ഒരു ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റിന് സമീപം, ഹവാൻ റീട്ടെയിൽ മെഗാസ്റ്റോറിൻ്റെ കാർ പാർക്കിങ് ഏരിയയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ശക്തമായ കാറ്റിന്റെ തള്ളലിൽ ഉയരമുള്ള പ്രതിമ ഒരു വശത്തേക്ക് ചെരിയുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് ഇത് താഴെ വീഴുകയും കഷണങ്ങളായി പൊട്ടിത്തെറിക്കുകയും ചെയ്തു. പ്രതിമയുടെ തലഭാഗം നിലത്ത് ശക്തമായി പതിച്ച് പൂർണ്ണമായും തകർന്നു.

ഹവാൻ സ്റ്റോറുകൾക്ക് പുറത്ത് സ്ഥാപിച്ചിരുന്ന സമാനമായ നിരവധി പ്രതിമകളിൽ ഒന്നാണിത്. 114 അടി ഉയരമുണ്ടായിരുന്ന ഈ മാതൃകയുടെ മുകളിലെ ഭാഗം, ഏകദേശം 24 മീറ്റർ (78 അടി) മാത്രമാണ് തകർന്നതെന്നും, 11 മീറ്റർ (36 അടി) ഉയരമുള്ള പീഠത്തിന് കേടുപാടുകൾ സംഭവിച്ചില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു.

സ്റ്റോർ 2020-ൽ തുറന്നപ്പോൾ മുതൽ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിന് ആവശ്യമായ സാങ്കേതിക അനുമതികൾ ഉണ്ടായിരുന്നുവെന്നും ഹവാൻ കമ്പനി അറിയിച്ചു. ഉപഭോക്താക്കൾക്കും ജീവനക്കാർക്കും സംരക്ഷണം ഉറപ്പാക്കുന്നതിനായി പ്രതിമ തകർന്ന പ്രദേശം ഉടൻതന്നെ കമ്പനി അധികൃതർ അടച്ചുപൂട്ടുകയും മണിക്കൂറുകൾക്കുള്ളിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ വിദഗ്ദ്ധ ടീമുകളെ അയക്കുകയും ചെയ്തു.

ആളപായമില്ലെന്ന് ഗ്വായ്ബ മേയർ മാർസെലോ മാരനറ്റ പറഞ്ഞു. അടിയന്തര നടപടി സ്വീകരിച്ചതിനെ അദ്ദേഹം പ്രശംസിച്ചു. പരിസരം സുരക്ഷിതമാക്കാനും സമീപത്ത് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനും പ്രാദേശിക ടീമുകൾ സംസ്ഥാന സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിച്ചു.

കൊടുങ്കാറ്റ് അതിശക്തമായ സമയമായ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മേഖലയിൽ മണിക്കൂറിൽ 90 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശിയതായി കാലാവസ്ഥാ അധികൃതർ രേഖപ്പെടുത്തി. ശക്തമായ കാറ്റിൻ്റെയും കനത്ത മഴയുടെയും അപകടസാധ്യത മുന്നറിയിപ്പ് നൽകി സംസ്ഥാന സിവിൽ ഡിഫൻസ് നേരത്തെ തന്നെ മൊബൈൽ ഫോണുകളിലേക്ക് അത്യാഹിത സന്ദേശങ്ങൾ അയച്ചിരുന്നു. ശക്തമായതും പെട്ടെന്നുള്ളതുമായ കാറ്റിന് കാരണം ശീതകാലാവസ്ഥയുടെ വരവാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

ഗ്വായ്ബയിൽ ഉണ്ടായ കൊടുങ്കാറ്റ് റിയോ ഗ്രാൻഡെ ഡോ സുളിലെ മറ്റ് പല പ്രദേശങ്ങളെയും ബാധിച്ചു. അവിടെ ആലിപ്പഴ വർഷം, മേൽക്കൂരകൾ തകരൽ, മരങ്ങൾ കടപുഴകി വീഴൽ, വൈദ്യുതി തടസ്സങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് ചില തെരുവുകളിൽ ഭാഗികമായി വെള്ളക്കെട്ടും രൂപപ്പെട്ടു. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീറ്റിയറോളജി കൊടുങ്കാറ്റ് മുന്നറിയിപ്പ് നിലനിർത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, എങ്കിലും ചെറിയ മഴ തുടരാൻ സാധ്യതയുണ്ട്.