ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതു ചരിത്രം കുറിച്ച് ‘പിക്സൽ സ്പേസ്’ എന്ന സ്റ്റാർട്ടപ്പ്. രാജ്യത്ത് നിന്നുള്ള ആദ്യ സ്വകാര്യ ഉപഗ്രഹ ശൃഖല കഴിഞ്ഞ ദിവസം ബഹിരാകാശത്തെത്തി. അമേരിക്കന്‍ സ്വകാര്യ സ്പേസ് കമ്പനിയായ സ്പേസ് എക്‌സാണ് ‘ഫയർഫ്ലൈ’ എന്ന് പേരിട്ടിരിക്കുന്ന ശൃംഖലയിലെ മൂന്ന് അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിച്ചത്. ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും നൂതനമായ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളാണ് ഫയർഫ്ലൈ എന്നാണ് പിക്സൽ സ്പേസ് വിശേഷിപ്പിക്കുന്നത്. 

അമേരിക്കന്‍ സമയം ബുധനാഴ്‌ച കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് സ്പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് സ്പേസ് എക്സിന്‍റെ കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ അടക്കമുള്ള 131 പേലോഡുകളുമായി. ട്രാന്‍സ്‌പോര്‍ട്ടര്‍-12 എന്നായിരുന്നു ഈ ദൗത്യത്തിന്‍റെ പേര്. ഇവയില്‍ മൂന്ന് സാറ്റ്‌ലൈറ്റുകള്‍ നിര്‍മിച്ചത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ പിക്സൽ സ്പേസാണ്. ഫയര്‍ഫ്ലൈ എന്നാണ് ഈ അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ പേര്. ഹൈ-റെസലൂഷന്‍ ഹൈപ്പര്‍സ്‌പെക്ട്രല്‍ ഇമേജിംഗ് സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ വലിയ മൂന്നേറ്റമായാണ് മൂന്ന് ഉപഗ്രഹങ്ങളെയും കണക്കാക്കുന്നത്. മാത്രമല്ല, ബഹിരാകാശ രംഗത്ത് ഇന്ത്യന്‍ സ്വകാര്യ കമ്പനികളും സാന്നിധ്യം അറിയിക്കുന്നതിന്‍റെ സൂചന കൂടിയാണിത്.