ഈശോ തന്റെ തിരുഹൃദയം ദർശനത്തിലൂടെ വെളിപ്പെടുത്തി നൽകിയ ഫ്രഞ്ച് സന്യാസിനി വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന്റെ തിരുശേഷിപ്പുകൾ അമേരിക്കയിൽ എത്തി. ഈ മാസം ഓർലാൻഡോയിൽ വച്ച് അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതി രാജ്യത്തെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്ന ചരിത്രപരമായ ചടങ്ങിനോടനുബന്ധിച്ചാണ് തിരുശേഷിപ്പുകൾ എത്തിക്കുന്നത്.

ജൂൺ 11-ന് ഫ്ലോറിഡയിലെ ഓർലാൻഡോയിൽ 250 കത്തോലിക്കാ മെത്രാന്മാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ, പ്രശസ്തമായ ടൂറിനിലെ തിരുക്കച്ചയുടെ പ്രദർശനത്തോടൊപ്പം ഈ തിരുശേഷിപ്പുകളും വിശ്വാസികൾക്കായി പ്രദർശിപ്പിക്കും. അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന വേളയിലാണ്, തിരുഹൃദയ ഭക്തിക്ക് ആഗോളതലത്തിൽ തുടക്കം കുറിച്ച വിശുദ്ധയുടെ തിരുശേഷിപ്പുകൾ നേരിട്ട് വണങ്ങാനുള്ള അവസരം യു. എസ്സിലെ വിശ്വാസികൾക്ക് ലഭിക്കുന്നത്.

1673-ൽ ഫ്രാൻസിലെ പാരേ-ലെ-മോണിയൽ വിസിറ്റേഷൻ സന്യാസിനി സമൂഹത്തിലെ അംഗമായിരിക്കെയാണ് വി. മാർഗരറ്റ് മേരിക്ക് യേശുവിന്റെ ദിവ്യദർശനങ്ങൾ ഉണ്ടാകുന്നത്. മാനവരാശിയോടുള്ള സ്നേഹത്താൽ ജ്വലിക്കുന്ന തന്റെ തിരുഹൃദയം യേശു വിശുദ്ധയ്ക്ക് കാണിച്ചുകൊടുത്തു. തന്റെ ആത്മീയ പിതാവും ഈശോസഭാംഗവുമായ വിശുദ്ധ ക്ലോഡ് ഡി ലാ കൊളംബിയറുടെ സഹായത്തോടെയാണ് അവർ തിരുഹൃദയ ഭക്തി ലോകമെമ്പാടും പ്രചരിപ്പിച്ചത്.

1864-ൽ മാർഗരറ്റ് മേരിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന പ്രക്രിയയുടെ ഭാഗമായി കല്ലറ തുറന്നപ്പോൾ അവരുടെ മസ്തിഷ്കം ജീർണ്ണിക്കാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭൗതികാവശിഷ്ടങ്ങൾ പാരേ-ലെ-മോണിയൽ ആശ്രമത്തിലെ അപ്പാർട്ടീഷൻ ചാപ്പലിലേക്ക് മാറ്റി. 1920-ൽ ഇവരെ വിശുദ്ധയായി പ്രഖ്യാപിച്ചു. നിലവിൽ വിശുദ്ധയുടെ തിരുശേഷിപ്പുകൾ അടങ്ങിയ നാല് പേടകങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വണക്കത്തിനായി കൊണ്ടുപോകാറുണ്ട്.

അമേരിക്കയിൽ എത്തിക്കുന്ന ഈ പേടകം നാലെണ്ണത്തിൽ വച്ച് ഏറ്റവും വലുതാണ്. വിശുദ്ധയുടെ തോളെല്ല്, രണ്ട് വാരിയെല്ലുകൾ, മസ്തിഷ്കത്തിന്റെ ഒരു ഭാഗം എന്നിവയാണ് ഇതിലുള്ളത്. സുരക്ഷാ പെട്ടിയുൾപ്പെടെ ഇതിന് ഏകദേശം 150 പൗണ്ട് (ഏകദേശം 68 കിലോഗ്രാം) ഭാരമുണ്ട്. ഫ്രാൻസിലെ ‘നൈറ്റ്സ് ഓഫ് കൊളംബസ്’ അൽമായ സംഘടനയുടെ തലവനായ അർനോഡ് ബൂത്തെയോൺ ആണ് ഫ്രാൻസിൽ നിന്ന് ഈ തിരുശേഷിപ്പുകൾ ന്യൂയോർക്കിലേക്ക് കൊണ്ടുവരുന്നത്. ഭാരക്കൂടുതൽ ഉള്ളതിനാൽ പേടകം വിമാനത്തിന്റെ കാർഗോ വിഭാഗത്തിലാണ് കൊണ്ടുവരുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ന്യൂയോർക്കിൽ എത്തിക്കുന്ന തിരുശേഷിപ്പുകൾ ആദ്യം കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലുള്ള നൈറ്റ്സ് ഓഫ് കൊളംബസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ജൂൺ ആദ്യവാരം അവിടെ പൊതുവണക്കത്തിന് സൗകര്യമുണ്ടാകും. തുടർന്ന് ജൂൺ പത്ത് മുതൽ 12 വരെ ഓർലാൻഡോയിൽ നടക്കുന്ന കത്തോലിക്കാ മെത്രാന്മാരുടെ പ്ലീനറി സമ്മേളനത്തിലേക്ക് ഇത് മാറ്റും. തിരുഹൃദയ തിരുനാളിന്റെ തലേന്നായ ജൂൺ 11-ന് മെത്രാന്മാർ സംയുക്തമായി വിശുദ്ധ കുർബാന അർപ്പിക്കുകയും അമേരിക്കയെ ഔദ്യോഗികമായി തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുകയും ചെയ്യും.

വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന്റെ തിരുശേഷിപ്പുകൾ സെപ്റ്റംബർ അവസാനം വരെ അമേരിക്കയിൽ ഉണ്ടാകും.