2016 ൽ ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ തകർന്ന സെന്റ് ബെനഡിക്ട് ബസിലിക്ക ഒൻപതു വർഷങ്ങൾക്കു ശേഷം വീണ്ടും തുറന്നു. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ബസിലിക്ക പുനർനിർമ്മിക്കാൻ നാലു വർഷമെടുത്തു.
ഒക്ടോബർ 31 ന്, സ്പോലെറ്റോ-നോർസിയയിലെ ആർച്ച്ബിഷപ്പ് റെനാറ്റോ ബോക്കാർഡോ, പുനർനിർമ്മിച്ച ബസിലിക്ക വിശ്വാസികൾക്കായി തുറന്നുകൊടുത്തു. ബെനഡിക്റ്റൈൻ ക്രമത്തിന്റെ സ്ഥാപകനും പാശ്ചാത്യ സന്യാസത്തിന്റെ പിതാവുമായ വി. ബെനഡിക്റ്റിന്റെ ജന്മസ്ഥലത്താണ് ഈ ബസിലിക്ക സ്ഥിതിചെയ്യുന്നത്. യൂറോപ്പിന്റെ സഹരക്ഷാധികാരി കൂടിയാണ് അദ്ദേഹം.
2016 ഒക്ടോബർ 30 ന് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഈ ബസിലിക്ക ഏതാണ്ട് പൂർണ്ണമായും നശിച്ചിരുന്നു. മുൻഭാഗം മാത്രമായിരുന്നു അവശേഷിച്ചത്. അക്കാലത്ത് ബസിലിക്കയുടെ സംരക്ഷകരായിരുന്ന ബെനഡിക്റ്റൈൻ സന്യാസിമാരുടെ ഒരു ആശ്രമവും ഈ ഭൂകമ്പത്തിൽ നശിപ്പിക്കപ്പെട്ടു. ബസിലിക്കയുടെ പുനർനിർമ്മാണം 2021 ഡിസംബറിൽ ആരംഭിച്ചു. 15 ദശലക്ഷം യൂറോ (ഏകദേശം $17 ദശലക്ഷം) പുനർനിർമ്മാണത്തിനായി ചെലവായി.



