അതിവേഗ റെയില്‍ പാതയില്‍ ഇ. ശ്രീധരനും സര്‍ക്കാറും തമ്മിലെ ഏറ്റുമുട്ടല്‍ രൂക്ഷം. മണ്ടന്‍ തീരുമാനമായ ആര്‍ആര്‍ടിഎസ് സംസ്ഥാന സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് മെട്രോമാന് ഇ ശ്രീധരന് വിമര്‍ശിച്ചു.
ശ്രീധരനെ സ്പെഷ്യല്‍ ഓഫീസറായി കേന്ദ്രം നിയമിച്ചില്ലെന്ന് വ്യവസായമന്ത്രി പി. രാജീവ് പ്രതികരിച്ചപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രിയായ വ്യക്തിയല്ലേ ശ്രീധരനെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരിഹാസം.
കെ റെയിലിന് റെഡ് സിഗ്നല്‍ വീണപ്പോള്‍ ബദല്‍പാതയില്‍ സര്‍ക്കാറും ശ്രീധരനും ഒരുമിച്ചായിരുന്നു യാത്ര. ബന്ധം പാളം തെറ്റിയപ്പോള്‍ പരസ്പരം കടന്നാക്രമണമായി ബദല്‍ നിര്‍ദ്ദേശം കേന്ദ്ര റെയില്‍വെ മന്ത്രി അറിഞ്ഞില്ലെന്നുള്ള മുഖ്യമന്ത്രിയുടെ പരിഹാസമാണ് ശ്രീധരനെ ചൊടിപ്പിച്ചത്.
ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം ആവേശത്തോടെ ഏറ്റെടുത്ത സര്‍ക്കാറും സിപിഎമ്മും ഇപ്പോള്‍ മെട്രോമാനെ ശത്രുപക്ഷത്ത് നിര്‍ത്തുന്നു. ഇപ്പോള്‍ തള്ളുമ്പോഴും ശ്രീധരന്റെ നിര്‍ദ്ദേശം കെ റെയിലിന് ബദലായി സര്‍ക്കാര്‍ പദ്ധതിയായി അനുമതി കിട്ടുമോ എന്ന് മുഖ്യമന്ത്രി അടക്കം ശ്രമിച്ചതാണ്.
ബദലിലെ അനിശ്ചിതത്വത്തില്‍ ശ്രീധരനെ സര്‍ക്കാര്‍ പഴിക്കുന്നു. എന്നാല്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയക്കാത്തതാണ് പ്രശ്നമെന്ന് ശ്രീധരന് പറയുന്നു.
സര്‍ക്കാറിനെ മറികടന്ന് ശ്രീധരന്റെ നിര്‍ദ്ദേശം കേന്ദ്ര പദ്ധതിയായി വരാനുള്ള സാധ്യത കണ്ടാണ് ആര്ആര്ടിഎസിലേക്കുള്ള ചുവട് മാറ്റം. ശ്രീധരനും റെയില്‍വെ മന്ത്രാലയവുമാണ് അടുപ്പമെങ്കില്‍ കേന്ദ്ര നഗരകാര്യവകുപ്പ് ആര്‍ആര്‍ടിഎസിന് അനുകൂലമെന്നതാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.
എന്നാല്‍ ശ്രീധരനാകട്ടെ അതിവേഗ പാതയില്‍ സ്വന്തം നിലക്ക് തിങ്കളാഴ്ച്ച പൊന്നാനിയില്‍ ശ്രീധരന് ഓഫീസ് തുറക്കും. പാത പോകുന്ന സ്ഥലങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം കേട്ട് മുന്നോട്ട് പോകാനാണ് നീക്കം. ശ്രീധരന്റെ ലൈനിനാണ് കേന്ദ്ര അംഗീകാരമെങ്കില്‍ പരിഹാസവും മാറ്റി സര്‍ക്കാറും അതിലേക്ക് മാറാനും സാധ്യത ഉണ്ട്.



