സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നിനെയാണ് സ്പെയിൻ നേരിട്ടുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടർന്ന് 150 ലധികം പേർ മരണമടയുകയും ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തു.

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പ പ്രാർഥന വാഗ്‌ദാനം ചെയ്തു. സ്‌പെയിനിലെ വല്ലാഡോലിഡ് അതിരൂപതയിലെ ആർച്ച്ബിഷപ്പ് ലൂയിസ് ജാവിയർ അർഗെല്ലോ ഗാർസിയയ്ക്ക് വീഡിയോ സന്ദേശത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ ഇരകളോടും ദുരിതബാധിതരോടും ഐക്യദാർഢ്യം അറിയിച്ചു. ഈ ദുരന്തനിമിഷത്തിൽ ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.

വലെൻസിയ മേഖലയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത്. രക്ഷാപ്രവർത്തനത്തിന് ആയിരത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ട്രെയിനുകൾ നിർത്തിവച്ചു, സ്കൂളുകളും മ്യൂസിയങ്ങളും അടച്ചു. വലൻസിയയുടെ സമീപപ്രദേശങ്ങളിൽ വൈദ്യുതിയും ജലവിതരണവും ഇല്ലാതെയാണ് ആയിരക്കണക്കിന് ആളുകൾ കഴിയുന്നത്. പലരെയും പൊതുകെട്ടിടങ്ങളിൽ പാർപ്പിച്ചിരിക്കുന്നതിനാൽ കുടിയിറക്കപ്പെട്ടവരെ സഹായിക്കാൻ കാരിത്താസ് സ്പെയിൻ പ്രാദേശിക സ്ഥാപനങ്ങളുമായും രൂപതകളുമായും സഹകരിച്ചു പ്രവർത്തിക്കുന്നു.

സ്പാനിഷ് പ്രധാനമന്ത്രി ഒക്ടോബർ 31 മുതൽ മൂന്നു ദിവസത്തെ ദുഃഖാചരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.