മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക നടപടികൾ ശക്തമായി തുടരുന്നതിനിടെ, പ്രതിരോധ മേഖലയിലെ പുതിയ ബിസിനസ്സ് സംരംഭങ്ങളുമായി ഡൊണാൾഡ് ട്രംപിന്റെ മക്കൾ. സ്വയംനിയന്ത്രിത ഡ്രോണുകൾ (Autonomous Drones) നിർമ്മിക്കുന്ന കമ്പനിയിലാണ് എറിക് ട്രംപും ഡൊണാൾഡ് ട്രംപ് ജൂനിയറും വൻതോതിൽ നിക്ഷേപം നടത്തിയിരിക്കുന്നത്.
ഫ്ലോറിഡ ആസ്ഥാനമായുള്ള ഓറിയസ് ഗ്രീൻവേ ഹോൾഡിംഗ്സും (Aureus Greenway Holdings) പവർഅസ് (Powerus) എന്ന ഡ്രോൺ കമ്പനിയും തമ്മിലുള്ള ലയനത്തിലൂടെയാണ് പുതിയ സംരംഭം വരുന്നത്. പവർഅസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കമ്പനി സൈനിക ആവശ്യങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമായി ഹൈ-ടെക് ഡ്രോണുകൾ നിർമ്മിക്കും. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ തങ്ങളുടെ സാങ്കേതികവിദ്യയ്ക്ക് വലിയ പ്രസക്തിയുണ്ടെന്ന് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ട്രംപ് ഭരണകൂടം ഇറാനെതിരെ യുദ്ധം നയിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ കുടുംബം പ്രതിരോധ മേഖലയിൽ ലാഭമുണ്ടാക്കുന്നത് ധാർമ്മികമായി തെറ്റാണെന്ന വിമർശനം ശക്തമാണ്. ട്രംപ് തന്നെ തുടങ്ങിവെച്ച ഒരു യുദ്ധം തന്റെ കുടുംബത്തിന് പണമുണ്ടാക്കാനുള്ള വഴിയായി മാറുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് വാഷിംഗ്ടണിലെ പ്രമുഖ എൻജിഒ ആയ ‘സിറ്റിസൺസ് ഫോർ റെസ്പോൺസിബിലിറ്റി ആൻഡ് എത്തിക്സ്’ (CREW) ആവശ്യപ്പെട്ടു.
മുൻ നിക്ഷേപങ്ങൾ: ഇതിനുമുമ്പും ഡ്രോൺ സ്റ്റാർട്ടപ്പുകളിലും ക്രിപ്റ്റോകറൻസി ബിസിനസ്സുകളിലും ട്രംപ് കുടുംബം നടത്തിയ നിക്ഷേപങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. “ഒരു വശത്ത് പ്രസിഡന്റ് യുദ്ധം പ്രഖ്യാപിക്കുന്നു, മറുവശത്ത് ആ യുദ്ധത്തിന് ആവശ്യമായ ആയുധങ്ങൾ നിർമ്മിക്കുന്ന കമ്പനിയിൽ അദ്ദേഹത്തിന്റെ മക്കൾ നിക്ഷേപം നടത്തുന്നു. ഇത് ഗൗരവകരമായ താൽപ്പര്യ സംഘർഷമാണ്,” എന്ന് ക്ര്യൂ വൈസ് പ്രസിഡന്റ് ജോർദാൻ ലിബോവിറ്റ്സ് പ്രതികരിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഇത്തരം യുദ്ധ സാഹചര്യങ്ങളിൽ ഡ്രോണുകൾക്ക് ആവശ്യക്കാർ ഏറെയാണെന്ന തിരിച്ചറിവാണ് ട്രംപിന്റെ മക്കളെ ഈ ബിസിനസ്സിലേക്ക് ആകർഷിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



