പുനരുയോഗ ഉൗർജ ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ സോളാർ, കാറ്റാടി ഉൾപ്പെടെയുള്ള സ്രോതസുകളിൽ നിന്ന് പകൽ സമയം കൂടുതൽ വൈദ്യുതിയെത്തുന്നതിന് നിയന്ത്രണം വരുമോ എന്ന ആശങ്ക ഉയരുന്നു. സോളാർ, കാറ്റാടി നിലയങ്ങളിൽ നിന്നു് വലിയ ഏറ്റക്കുറച്ചിലുകളോടെ വൈദ്യുതിയെത്തുന്നത് പ്രസരണ-വിതരണ ശൃംഖലയെ ബാധിക്കുന്നുവെന്ന നിലപാടിലാണ് കേന്ദ്ര ഊർജ മന്ത്രാലയം.
ഗ്രിഡിലെ ലോഡ് നിയന്ത്രിക്കുന്ന കേന്ദ്രങ്ങൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് സൗരോർജ ഉൽപാദനം വർധിക്കുകയും സർക്കാർ അതിന് പ്രോത്സാഹനം നൽകുകയും ചെയ്യുമ്പോൾ തന്നെ ഈ വൈദ്യുതി കൈകാര്യം ചെയ്യാൻ കഴിയാതെ ഗ്രിഡ് പ്രതിസന്ധിയിലാവുന്നുവെന്നാണ് ഉൗർജ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ.
സോളാർ, കാറ്റാടി നിലയങ്ങളിൽ നിന്ന് ഒരോ ദിവസവും ഗ്രിഡിലേക്ക് എത്തുന്ന വൈദ്യുതിയുടെ അളവിൽ ഏറ്റക്കുറച്ചിൽ വരുന്നതാണ് പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്. കാറ്റും വെയിലുമുള്ളപ്പോൾ ഈ സ്രോതസുകളിൽ നിന്ന് വലിയ തോതിൽ വൈദ്യുതി എത്തും. ഇത് മുൻകൂട്ടി പ്രതീക്ഷിച്ച് അഭ്യന്തര ഉൽപാദനം നിയന്ത്രിക്കൽ പ്രായോഗികമല്ല. സോളാർ, കാറ്റാടി എന്നിവയിലെ വൈദ്യുതിയിൽ കുറവുണ്ടായാൽ മറ്റ് സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി പെട്ടെന്ന് ലഭ്യമാക്കലും പ്രതിസന്ധിയാണ്.
കേരളത്തിൽ സൗരോർജ വൈദ്യുതി ഉൽപാദനം വർധിച്ചത് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കെ.എസ്.ഇ.ബി കണക്കുകൾ നിരത്തി വ്യക്തമാക്കിയിരുന്നു. 500 കോടിയുടെ പ്രതിവർഷ നഷ്ടമാണ് ഇതിലൂടെ കെ.എസ്.ഇ.ബി ഉന്നയിച്ചത്. സൗരോർജം വീടുകളിൽ ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്നതിൽ പ്രശ്നമില്ലെന്നും ഗ്രിഡിലേക്ക് സ്വീകരിക്കുന്നത് കുറക്കേണ്ട സാഹചര്യം ഭാവിയിൽ വരാനിടയുണ്ടെന്നുമാണ് കെ.എസ്.ഇ.ബി വൃത്തങ്ങൾ നൽകുന്ന സൂചന.
കെ.എസ്.ഇ.ബി നിലപാട് ശരിവക്കുന്ന നിർദേശമാണ് ഗ്രിഡുമായി ബന്ധപ്പെട്ട ലോഡ് ഡെസ്പാച്ച് സെന്ററുകൾക്ക് കേന്ദ്രത്തിൽനിന്ന് ലഭിച്ചത്. പ്രസരണ-വിതരണ ലൈനുകൾ ശക്തിപ്പെടുത്തൽ, ബാറ്ററി സംഭരണ യൂനിറ്റുകൾ വ്യാപകമാക്കൽ എന്നിവയാണ് സോളാർ, കാറ്റാടി വൈദ്യുതി ഉൽപാദനം വലിയതോതിൽ കൂടിയാലും പ്രതിസന്ധി ഒഴിവാക്കാനുള്ള വഴികളായി നിർദേശിക്കപ്പെടുന്നത്. എന്നാൽ, ഇവ അടിയന്തിരമായി യാഥാർഥ്യമാക്കുന്നതിനും പ്രതിബന്ധങ്ങൾ ഏറെയാണ്. കേരളത്തിലാകട്ടെ ബാറ്ററി ഊർജ സംഭരണ സംവിധാനം സജ്ജമാക്കുന്നതിനുള്ള നടപടികൾ പ്രാരംഭഘട്ടത്തിലുമാണ്.