കൗമാരക്കാരുടെ സോഷ്യൽ മീഡിയ നിരോധനം ഓസ്ട്രേലിയയിൽ നടപ്പാക്കിത്തുടങ്ങി. ഇതോടെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യരാജ്യമായി മാറി ഓസ്‌ട്രേലിയ. ടിക് ടോക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസ് തടഞ്ഞുകൊണ്ട് ഒരു രാജ്യം ഏർപ്പെടുത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ സംഭവമാണിത്.
‘കുടുംബങ്ങൾക്ക് അഭിമാനകരമായ ദിനം’ എന്നാണ് പ്രധാനമന്ത്രി ആന്റണി അൽബനീസ് ഇതിനെ വിശേഷിപ്പിച്ചത്. മാത്രമല്ല, പരമ്പരാഗത സുരക്ഷാമാനദണ്ഡങ്ങളെ മറികടന്ന ഓൺലൈൻ ദോഷങ്ങൾ തടയാൻ കഴിയുമെന്നതിന്റെ തെളിവായും ഈ നിയമത്തെ അദ്ദേഹം വിശേഷിപ്പിച്ചു. “ഈ വലിയ ടെക് കമ്പനികളിൽ നിന്ന് ഓസ്‌ട്രേലിയൻ കുടുംബങ്ങൾ അധികാരം തിരിച്ചുപിടിക്കുന്ന ദിവസമാണിത്” – അൽബനീസ് പറഞ്ഞു. “പുതിയ സാങ്കേതികവിദ്യയ്ക്ക് അദ്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. പക്ഷേ, നമ്മുടെ സ്വന്തം വിധി മനുഷ്യർ നിയന്ത്രിക്കുന്നുണ്ടെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. അതാണ് ഇതിന്റെ ഉദ്ദേശ്യം” – നിയമം നടപ്പാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
നിരോധനം പ്രാബല്യത്തിൽ എത്തുന്നതിന് മണിക്കൂറുകൾക്കു മുൻപ്, നിയമം ബാധിക്കാൻ സാധ്യതയുള്ള പത്തുലക്ഷം കുട്ടികളിൽ പലരും അവരുടെ ഓൺലൈൻ ഫോളോവേഴ്‌സിനോട് വിട പറഞ്ഞ് സന്ദേശങ്ങൾ കൈമാറിയിരുന്നു.



