16 വയസ്സിനു താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടാൻ ഓസ്ട്രേലിയ നടപടി തുടങ്ങി. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് എന്നിവ 13 നും 15 നുമിടയിൽ പ്രായമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഡിസംബർ നാല് മുതൽ പൂട്ടാൻ തുടങ്ങുമെന്ന് മെറ്റാ അറിയിച്ചു. ‘കുട്ടികളെ കുട്ടികളായിരിക്കാൻ അനുവദിക്കുക’ എന്ന ലക്ഷ്യത്തോടെയാണ് ‘ലോകോത്തരമായ’ ഈ വിലക്ക് ഏർപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ആന്റണി അൽബാനീസ് പറഞ്ഞു.
ഡിസംബർ 10 നാണ് ഓസ്ട്രേലിയയിൽ സോഷ്യൽ മീഡിയ വിലക്ക് നിയമം പ്രാബല്യത്തിൽ വരുന്നത്. അതേസമയം, ഈ വിലക്ക് ടിക്ടോക്, യൂട്യൂബ്, എക്സ് റെഡ്ഡിറ്റ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന പ്ലാറ്റ്ഫോമുകൾക്കും ബാധകമാണ്. നിയമം പാലിക്കാത്ത സോഷ്യൽ മീഡിയ കമ്പനികൾക്ക് 50 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ചുമത്തും.
അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനു മുൻപ്, ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകളും വീഡിയോകളും സന്ദേശങ്ങളും ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാൻ മെറ്റാ അവസരം നൽകുന്നുണ്ട്. പ്രായപരിധി പാലിക്കുന്നു എന്ന് തെളിയിക്കാൻ വീഡിയോ സെൽഫി വഴിയോ, ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സർക്കാർ അംഗീകൃത ഐഡി വഴിയോ വെരിഫിക്കേഷൻ നടത്താമെന്നും കമ്പനി അറിയിച്ചു. ഈ നിയമം വഴി കുട്ടികളെ സോഷ്യൽ മീഡിയയിലെ സമ്മർദങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും സംരക്ഷിക്കാൻ സാധിക്കുമെന്നാണ് ഓസ്ട്രേലിയൻ സർക്കാർ കരുതുന്നത്.



