സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍, ഡിഎംഒമാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍. അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് പാമ്പുകടിയേറ്റിട്ടുണ്ടോ എന്നത് കൂടി പരിശോധിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ആശുപത്രികളിലും ആന്റിവെനം സ്റ്റോക് ഉണ്ടെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു. പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ അഞ്ചുദിവസത്തിനിടയില്‍ സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ നാലിലേക്കെത്തി.നാലില്‍ മൂന്നു മരണങ്ങളിലും പാമ്പ് വിഷം ഉള്ളില്‍ ചെല്ലാനുള്ള സാധ്യത ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നില്ല. സ്ഥിരീകരണത്തിനുള്ള കാലതാമസം മരണത്തിലേക്ക് എത്തിക്കുന്നു എന്ന് വിമര്‍ശനത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും അടിയന്തരയോഗമാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ വിളിച്ചു ചേര്‍ത്തത്. എല്ലാ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശവും നല്‍കുന്നു. പാമ്പുകടിയാണോ എന്ന് സ്ഥിരീകരിക്കാനുള്ള പ്രത്യേക ശ്രദ്ധ അത്യാഹിത വിഭാഗം മുതല്‍ ഉണ്ടാകണം. ആന്റിവനം നല്‍കാന്‍ കഴിയുന്ന സാഹചര്യമെങ്കില്‍ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

കൂടാതെ എല്ലാ താലൂക്ക് ജില്ലാ മെഡിക്കല്‍ കോളേജിലും അവശാനുസരണം ആന്റിവനം സ്റ്റോക്കുണ്ട്. ബന്ധുക്കള്‍ ആരോപണമുന്നയിച്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും 27 വയല്‍ ആന്റിവനം സ്റ്റോക്ക് ഉണ്ടായിരുന്നു.ആന്റിവനം നല്‍കുന്നതിന് കൃത്യമായ മാനദണ്ഡം നിലനില്‍ക്കുന്നുവെന്നും കാണിച്ചില്ലെങ്കില്‍ രോഗിയുടെ മരണകാരണമായേക്കാമെന്നും ആരോഗ്യവകുപ്പ് പറയുന്നു.