അഫ്ഗാനിസ്ഥാനിൽ അടിമത്തം നിയമവിധേയമാക്കിക്കൊണ്ട് പുതിയ നിയമം നടപ്പിലാക്കി താലിബാൻ ഭരണകൂടം. 2026 ജനുവരി നാലിനാണ് ഇത് സംബന്ധിച്ച പുതിയ നിയമം നിലവിൽ വന്നത്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ആണ് ഈ പുതിയ നിയമം നടപ്പിലാക്കിയത്.
നിലവിൽവന്ന പുതിയ നിയമം, അടിമത്തം നിയമവിധേയമാക്കുന്നത് അടക്കമുള്ള പ്രാകൃത വ്യവസ്ഥകൾ അടങ്ങുന്നതാണ്. അഫ്ഗാൻ സമൂഹത്തെ നാലു ശ്രേണികളായി തിരിച്ചിരിക്കുന്ന ആർട്ടിക്കിൾ 9 പ്രകാരം, മതപണ്ഡിതർ (ഉലമ അല്ലെങ്കിൽ മുല്ല), വരേണ്യവർഗം (അഷ്റഫ്), മധ്യവർഗം, താഴ്ന്ന വർഗം എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് വിഭജിക്കുന്നത്. ഇതനുസരിച്ച് ഒരേ കുറ്റകൃത്യത്തിനുള്ള ശിക്ഷ ഇനി കുറ്റകൃത്യം ചെയ്തയാളുടെ സാമൂഹിക നില അനുസരിച്ചായിരിക്കും.
കുറ്റം ചെയ്യുന്ന മതപണ്ഡിതർക്ക് ‘ഉപദേശങ്ങൾ’ നൽകി വിടും. വരേണ്യവർഗത്തിന് കോടതി സമൻസും ഒപ്പം ഉപദേശവും നൽകും. മധ്യവർഗത്തിന് അതേ കുറ്റത്തിന് തടവുശിക്ഷ ലഭിക്കും. താഴ്ന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്ക് തടവുശിക്ഷയ്ക്കൊപ്പം പൊതുമധ്യത്തിൽ ചാട്ടവാറടി ഉൾപ്പെടെയുള്ള ക്രൂരമായ ശാരീരിക പീഡനങ്ങളും എന്നിങ്ങനെയാണ് നാല് വിഭാഗത്തിനുമുള്ള ശിക്ഷാ വിധികൾ.
ഈ നീക്കം മനുഷ്യാവകാശ സംഘടനകൾക്കിടയിൽ രോഷം ജനിപ്പിച്ചിട്ടുണ്ട്. ഈ നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് സംഘടനകൾ പറയുന്നു. അടിമത്തം നിയമവിധേയമാക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.



