കണ്ണൂർ: സംസ്ഥാനത്തെ പുതിയ എൻഎച്ച് 66 ൻ്റെ രണ്ട് റീച്ചുകൾ കൂടി തയ്യാറാകുന്നു. സംസ്ഥാനത്തിന് അതിവേഗയാത്ര വാഗ്ദാനം ചെയ്യുന്ന ദേശീയപാത വികസനം ഈ വർഷം അവസാനത്തോടെ പൂർണ്ണമായും പൂർത്തിയാകും. നിലവിൽ നിരവധി റീച്ചുകൾ പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. ഈ മാസവും അടുത്ത മാസവും നാല് റീച്ചുകൾ പൂർത്തിയാകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ജൂലൈയിൽ രണ്ട് റീച്ചുകൾ കൂടി പൂർത്തിയാകുമെന്ന സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്.
75 ശതമാനത്തിലേറെ നിർമാണം പൂർത്തിയായ സംസ്ഥാനത്തെ രണ്ടാമത്തെയും മൂന്നാമത്തെയും റീച്ചുകളാണ് ജൂലൈയിൽ പൂർത്തിയാവുക. ചെർക്കള മുതൽ നീലേശ്വരം വരെയാണ് ദേശീയപാത 66ലെ രണ്ടാമത്തെ റീച്ച്. ഇതും നീലേശ്വരം മുതൽ തളിപ്പറമ്പ് വരെയുള്ള മൂന്നാം റീച്ചുമാണ് ജൂലൈയിൽ പൂർത്തിയാവുക. ഈ രണ്ട് റീച്ചുകളുടെയും നിർമാണം 75 ശതമാനം പൂർത്തിയായി കഴിഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് വടക്കൻ കേരളത്തിലെ പ്രധാന ഭാഗങ്ങളിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചും നിർമിക്കുന്നത്. ചെർക്കള മുതൽ നീലേശ്വരം വരെയുള്ള രണ്ടാം റീച്ച് 37.2 കിലോമീറ്റർ ദൈർഘ്യത്തിലാണ് കടന്നുപോകുന്നത്. നീലേശ്വരം മുതൽ തളിപ്പറമ്പ് വരെയുള്ള മൂന്നാം റീച്ച് 40.11 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്.
ചെർക്കള മുതൽ – നീലേശ്വരം വരെയുള്ള രണ്ടാം റീച്ചിൽ 17 അടിപ്പാതയും മൂന്ന് മേൽപ്പാലവും നിർമിച്ചിട്ടുണ്ട്. ചെർക്കള മുതൽ ചട്ടഞ്ചാൽവരെ സങ്കീർണമായ ജോലികളാണ് പൂർത്തിയാക്കുന്നത്. തെക്കിലിൽ പുതിയ പാലവും, ചട്ടഞ്ചാൽ കയറ്റവും ബേവിഞ്ചയിലെ നിർമാണവുമാണ് ഇവിടെ പ്രധാനപ്പെട്ടത്. ബേവിഞ്ചയിൽ രണ്ടു മലകൾ നീക്കി വളവൊഴിവാക്കിയാണ് ആരുവരിപ്പാത നിർമാണം. തെക്കിലിൽനിന്നുള്ള ചട്ടഞ്ചാൽ കയറ്റത്തിൽ നീണ്ട പാലമാണ് പണിയുന്നത്.
നീലേശ്വരം – തളിപ്പറമ്പ് റീച്ചിൽ 33 അടിപ്പാതയും രണ്ട് മേൽപ്പാലവുമാണ് നിർമിക്കുന്നത്. വലിയ മാറ്റങ്ങളോടെയാണ് പയ്യന്നൂർ, പിലാത്തറ ഉൾപ്പെടെയുള്ള ഭാഗങ്ങളിലൂടെ ആറുവരിപ്പാത ഇവിടെ കടന്നുപോകുന്നത്. മൂന്ന് മാസത്തിനകം ഈ രണ്ട് റീച്ചിലും 95 ശതമാനത്തോളം ജോലികളും പൂർത്തിയാകുമെന്നാണ് കരാർക്കമ്പനി വ്യക്തമാക്കുന്നത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരിപ്പാതയിൽ ആകെ 23 റീച്ചുകളിലായാണ് നിർമാണം. ഇവയെല്ലാം ഈ ഡിസംബറോടെ പൂർത്തിയാകുമെന്നാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ദേശീയപാത അതോറിറ്റിയും ഉറപ്പുനൽകുന്നത്. പള്ളിക്കരയിൽ നിന്ന് നീലേശ്വരം, തലശേരിയിൽ നിന്ന് മാഹി, പാലോളി പാലം – മൂരാട്, കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, മുക്കോലയിൽ നിന്ന് കഴക്കൂട്ടം, തമിഴ്നാട് അതിർത്തിവരെയുള്ള റീച്ചുകളുടെ നിർമാണം നേരത്തെ പൂർത്തിയാക്കി വാഹനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു.



