ജയ്പൂർ: പോലീസാകാൻ അതിയായ മോഹത്തോടെയാണ് രാജസ്ഥാൻ സ്വദേശിയായ മോണാ ബുഗാലിയ പരീക്ഷ എഴുതിയത്. പരാജയപ്പെട്ടപ്പോൾ വീണ്ടും ശ്രമിക്കുന്നതിന് പകരം കള്ളരേഖകളുടെ പിൻബലത്തോടെ സബ് ഇൻസ്പെക്ടറായി പൊതുസമൂഹത്തിന് മുന്നിൽ തിളങ്ങിനിന്നു. പോലീസുദ്യോഗസ്ഥരുടെ വിരുന്നുകളിലും ചടങ്ങുകളിലും പങ്കെടുക്കുക, ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം നിന്ന് ചിത്രങ്ങളെടുക്കുക, ഇവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക. അങ്ങനെ നിയമപാലകർക്ക് പൊതുസമൂഹം നൽകുന്ന ബഹുമാനം മോണാ ആവോളം ആസ്വദിച്ചു. ഒടുവിൽ പിടിവീണു. രാജസ്ഥാൻ പോലീസ് അക്കാദമിയിൽനിന്ന് വരുന്നത് അങ്ങനെയൊരു ഒരു തട്ടിപ്പുകാരിയുടെ കഥയാണ്.
രണ്ടു വർഷത്തോളം അവർ പോലീസിനെയും നാട്ടുകാരെയും പറ്റിച്ചു. പിന്നീട് 2023-ൽ തട്ടിപ്പ് പുറത്തായപ്പോൾ ഒളിവിൽ പോയി. രണ്ട് വർഷങ്ങൾക്ക് ശേഷം രാജസ്ഥാനിലെ സിക്കാറിൽനിന്ന് ഇവർ പിടിയിലായിരിക്കുകയാണ്. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് മോണാ വരുന്നത്. പിതാവ് ട്രക്ക് ഡ്രൈവറാണ്. പോലീസിൽ ജോലിക്കു കയറുക എന്നത് വലിയ സ്വപ്നമായിരുന്നു. എന്നാൽ 2021-ൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിന് ശേഷം, അവർ ‘മൂലി ദേവി’ എന്ന പേരിൽ വ്യാജ രേഖകൾ സൃഷ്ടിച്ച്, സബ് ഇൻസ്പെക്ടറായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. യൂണിഫോമിൽ കറങ്ങിനടന്ന് പോലീസ് കളിക്കുകയായിരുന്നു മോണായുടെ വിനോദം.
സബ് ഇൻസ്പെക്ടർ നിയമനങ്ങൾക്കായി മാത്രമുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മോണാ കയറിക്കൂടുകയും പലരുമായും സംവദിക്കുകയും ചെയ്തു. ഇവരെക്കുറിച്ച് ആർക്കും സംശയവും തോന്നിയതേയില്ല. പരേഡ് ഗ്രൗണ്ടിൽ യൂണിഫോമിൽ വരികയും സേനയിലെ പുതിയ അംഗങ്ങളുമായി പരിചയം സ്ഥാപിക്കുകയും ചെയ്തു. ഔട്ട്ഡോർ ഡ്രില്ലുകളിൽ പങ്കെടുക്കുകയും ഉന്നത ഓഫീസർമാരോടൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ അവ പങ്കുവയ്ക്കുകയും ചെയ്തു. പോലീസ് സേനയെ പ്രകീർത്തിക്കുന്ന ഉള്ളടക്കമുള്ള റീലുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ചില ട്രെയിനി സബ് ഇൻസ്പെക്ടർമാർ മോണായുടെ ഐഡന്റിറ്റിയെക്കുറിച്ച് സംശയം ഉന്നയിച്ചപ്പോഴാണ് കള്ളം പൊളിയാൻ തുടങ്ങുന്നത്. വിവരം മുതിർന്ന ഉദ്യോഗസ്ഥരെ അറിഞ്ഞതോടെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. താൻ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ മോണാ സ്ഥലത്തുനിന്ന് മുങ്ങി. അറസ്റ്റിലായ ശേഷം താൻ വ്യാജ ഐഡന്റിറ്റി സ്വീകരിച്ചതായി മോണാ സമ്മതിച്ചു. നാല് സഹോദരിമാർ ഉൾപ്പെടുന്ന തന്റെ കുടുംബത്തിന്റെ അംഗീകാരം പിടിച്ചുപറ്റാനും പോലീസുമായി ബന്ധപ്പെട്ട അധികാരങ്ങൾ അനുഭവിക്കാനുമാണ് വേഷം മാറിയതെന്ന് ഇവർ പറഞ്ഞു.
അറസ്റ്റിനെത്തുടർന്ന്, മോണാ താമസിച്ച വാടകമുറി പോലീസ് പരിശോധിച്ചു. അവിടെനിന്ന് ഏഴ് ലക്ഷം രൂപയും മൂന്ന് പ്രത്യേക പോലീസ് യൂണിഫോമുകളും രാജസ്ഥാൻ പോലീസ് അക്കാദമിയിലെ പരീക്ഷാ പേപ്പറുകളും കണ്ടെടുത്തു.