ഇറാൻ ആകാശത്ത് സൈനിക ദൗത്യത്തിലേർപ്പെട്ടിരുന്ന അമേരിക്കയുടെ അത്യാധുനിക എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനത്തിന് നേരെ ആക്രമണം. ആക്രമണത്തിൽ തകരാർ സംഭവിച്ച വിമാനം മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വ്യാഴാഴ്ച പുലർച്ചെയാണ് ലോകത്തെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനങ്ങളിൽ ഒന്നായ എഫ്-35 ആക്രമിക്കപ്പെട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു.
ഇറാൻ അതിർത്തിക്കുള്ളിൽ ദൗത്യം നിർവ്വഹിക്കുന്നതിനിടെയാണ് വിമാനത്തിന് നേരെ ആക്രമണമുണ്ടായതെന്ന് പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായും പൈലറ്റിന്റെ നില തൃപ്തികരമാണെന്നും സെൻട്രം വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് അമേരിക്കൻ യുദ്ധവിമാനത്തെ തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. സെൻട്രൽ ഇറാനിൽ വെച്ച് തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനമാണ് വിമാനത്തിന് നേരെ പ്രയോഗിച്ചതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയുടെ അത്യാധുനിക സാങ്കേതികവിദ്യയ്ക്ക് ഏറ്റ വലിയ തിരിച്ചടിയാണിതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെ ഏറ്റവും വിലപിടിപ്പുള്ള യുദ്ധവിമാനങ്ങളിൽ ഒന്നാണ് അഞ്ചാം തലമുറയിൽപ്പെട്ട എഫ്-35. ഏകദേശം 100 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ഈ വിമാനം ശത്രുക്കളുടെ റഡാറുകളിൽ പെടാതെ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. ഇത്തരമൊരു വിമാനം ശത്രുവിന്റെ ആക്രമണത്തിന് ഇരയാകുന്നത് ഇതാദ്യമായാണ്.
ഇസ്രായേൽ ഇറാന്റെ വാതക പാടങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമാണ്. ഇതിനിടെയുണ്ടായ ഈ സംഭവം അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ഇറാന്റെ വ്യോമപ്രതിരോധം കൂടുതൽ ശക്തമായെന്നാണ് ഈ ആക്രമണം സൂചിപ്പിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിന് കീഴിൽ ഇറാനെതിരെ ശക്തമായ വ്യോമാക്രമണങ്ങളാണ് നടക്കുന്നത്. എന്നാൽ തങ്ങളുടെ വിമാനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ അമേരിക്ക അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇറാന്റെ വ്യോമ പ്രതിരോധ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് കൂടുതൽ ആക്രമണങ്ങൾക്ക് അമേരിക്ക മുതിർന്നേക്കാം.
യുദ്ധം തുടങ്ങിയ ഫെബ്രുവരി മുതൽ ഇതുവരെ 12 ഡ്രോണുകളും നിരവധി വിമാനങ്ങളും തങ്ങൾക്ക് നഷ്ടമായതായി അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ എഫ്-35 പോലുള്ള വിമാനങ്ങൾ ആക്രമിക്കപ്പെടുന്നത് അമേരിക്കയുടെ ആത്മവിശ്വാസത്തിന് വലിയ പ്രഹരമാണ്. ഇസ്രായേലും ഈ വിമാനങ്ങൾ യുദ്ധത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ സൈനികമായി നേരിടുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു. എന്നാൽ ഇറാന്റെ മിസൈൽ സാങ്കേതികവിദ്യ അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.
ആക്രമണത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. വിമാനത്തിന് സംഭവിച്ച നാശനഷ്ടങ്ങൾ എത്രത്തോളമുണ്ടെന്ന് പരിശോധിച്ചു വരികയാണ്. പൈലറ്റ് നിലവിൽ നിരീക്ഷണത്തിലാണ്. ആഗോളതലത്തിൽ ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അമേരിക്കയുടെ സൈനിക മേധാവിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇറാന്റെ പ്രതികരണം. പശ്ചിമേഷ്യയിലെ യുദ്ധം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.



