അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റി കാമ്പസിൽ രണ്ട് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കൂട്ട വെടിവയ്പ്പ് കേസിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് വിട്ടയച്ചു. കേസിന്റെ അന്വേഷണം മറ്റൊരു ദിശയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഇയാളെ വിട്ടയച്ചതെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിംഗ് കെട്ടിടത്തിൽ ഫൈനൽ പരീക്ഷകൾ നടന്നുകൊണ്ടിരിക്കെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തെത്തുടർന്ന് കാമ്പസിൽ മണിക്കൂറുകളോളം കനത്ത ആശങ്ക നിലനിന്നിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന ഒരു യുവാവിനെ റോഡ് ഐലൻഡിലെ കോവെൻട്രിയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
വിസ്കോൺസിൻ സ്വദേശിയായ 24 വയസ്സുകാരനാണ് കസ്റ്റഡിയിലുണ്ടായിരുന്നതെന്ന് ചില ഉദ്യോഗസ്ഥർ അനൗദ്യോഗികമായി അറിയിച്ചു. എന്നാൽ, ഇയാളെ പിന്നീട് വിട്ടയക്കാൻ തീരുമാനിച്ചതായി പ്രൊവിഡൻസ് മേയർ ബ്രെറ്റ് സ്മൈലിയും റോഡ് ഐലൻഡ് അറ്റോർണി ജനറൽ പീറ്റർ നെറോൺഹയും അറിയിച്ചു. കസ്റ്റഡിയിലെടുക്കാൻ ന്യായീകരിക്കത്തക്ക തെളിവുകൾ ആദ്യം ഉണ്ടായിരുന്നുവെങ്കിലും, പിന്നീട് നടത്തിയ അന്വേഷണത്തിൽ അത് ഉറപ്പിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇയാളെ വിട്ടയച്ചതെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.
കേസിലെ യഥാർത്ഥ പ്രതി ഇപ്പോഴും ഒളിവിലാണെന്നാണ് സൂചന. കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കി. കാമ്പസിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.



