അമേരിക്കയും ഇറാനും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലായില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ കടലിടുക്ക് കടന്ന കപ്പലുകളിൽ ഭൂരിഭാഗവും ഇറാൻ്റെ സ്വന്തമോ അല്ലെങ്കിൽ ഇറാൻ്റെ അനുമതിയുള്ളതോ ആയ കപ്പലുകളാണെന്ന് കപ്പൽ ട്രാക്കിങ് ഏജൻസികളായ കെപ്ലർ, ലോയ്ഡ്സ് ലിസ്റ്റ് എന്നിവർ റിപ്പോർട്ട് ചെയ്യുന്നു. 20 ലക്ഷം ബാരൽ എണ്ണ വഹിക്കാൻ ശേഷിയുള്ള ഇറാൻ്റെ ഭീമൻ ടാങ്കർ ഉൾപ്പെടെ മൂന്ന് എണ്ണക്കപ്പലുകൾ കഴിഞ്ഞ ദിവസം ഇറാൻ തീരത്ത് നിന്ന് പുറപ്പെട്ടു. ഇതേസമയം, മറ്റ് രാജ്യങ്ങളുടെ നൂറുകണക്കിന് കപ്പലുകൾ സുരക്ഷാ ഭീഷണിയെത്തുടർന്ന് യാത്ര മാറ്റിവെച്ച് കാത്തുനിൽക്കുകയാണ്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാൻ വിപ്ലവ ഗാർഡ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. കടലിടുക്കിലെ മൈനുകൾ ഒഴിവാക്കുന്നതിനായി ലാറക് ദ്വീപിന് സമീപമുള്ള പുതിയ പാതയിലൂടെ മാത്രമേ കപ്പലുകൾ നീങ്ങാവൂ എന്നാണ് ഉത്തരവ്. ഈ പാതയിലൂടെ പോകുന്നതിന് ഇറാൻ നാവികസേനയുടെ മുൻകൂർ അനുമതി ആവശ്യമാണ്. മുൻപ് പ്രതിദിനം 140 ഓളം കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിൽ ഇപ്പോൾ 15-ൽ താഴെ കപ്പലുകൾക്ക് മാത്രമാണ് ഇറാൻ അനുമതി നൽകുന്നത്. അനുമതിയില്ലാതെ കടക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഹോർമുസ് കടലിടുക്ക് വഴി കൊണ്ടുപോകുന്ന ഓരോ ബാരൽ എണ്ണയ്ക്കും ഒരു ഡോളർ വീതം ടോൾ പിരിക്കാൻ ഇറാൻ ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളിൽ നൽകണമെന്നാണ് നിർദ്ദേശം. അമേരിക്കയുടെയും ഇസ്റാഈലിന്റെയും ഉപരോധം മൂലം രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടം നികത്താനാണ് ഈ നീക്കമെന്നാണ് തെഹ്‌റാൻ്റെ വിശദീകരണം. എന്നാൽ രാജ്യാന്തര സമുദ്ര നിയമങ്ങളുടെ (UNCLOS) നഗ്നമായ ലംഘനമാണ് ഇതെന്ന് യുഎൻ കപ്പൽ ഏജൻസിയായ ഐഎംഒ മുന്നറിയിപ്പ് നൽകി. നിലവിൽ 800 ഓളം ചരക്ക് കപ്പലുകൾ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത് ആഗോള വിതരണ ശൃംഖലയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

പാക് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ഉടമ്പടി ലബനൻ വിഷയത്തിൽ തട്ടി നിലച്ചിരിക്കുകയാണ്. ലബനനിൽ ഇസ്രായേല്‍ ആക്രമണം തുടരുന്നത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു. ലബനനിൽ സമാധാനം ഉറപ്പാക്കാതെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകില്ലെന്നാണ് ഇറാൻ്റെ പുതിയ നിലപാട്. ഇസ്ലാമാബാദിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ ഈ വിഷയം പ്രധാന ചർച്ചയാകും. എങ്കിലും ഹോർമുസിലെ സ്തംഭനാവസ്ഥ ആഗോള എണ്ണവിപണിയിൽ വരും ദിവസങ്ങളിൽ വലിയ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.