ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശേഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിലേക്ക് വന്ന വഴി പുറത്തുവന്നു. ധാക്കയിൽനിന്ന് 2024 ഓഗസ്റ്റ് അഞ്ചിനാണ് അവർ രഹസ്യമായി നാടുവിട്ടത്. ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ ഇറങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് യാത്രാ പദ്ധതി മാറ്റി യുപിയിലെ ഹിൻഡോൺ വ്യോമതാവളത്തിലേക്ക് എത്തുകയായിരുന്നു.
ഹസീന കൊൽക്കത്തയിലേക്ക് എത്തുമെന്നാണ് ആദ്യം മാധ്യമങ്ങൾക്ക് ലഭിച്ചിരുന്ന വിവരം. ഹസീന ഇന്ത്യയിലെത്തുന്നത് സംബന്ധിച്ച് അനാവശ്യ ശ്രദ്ധയുണ്ടാകുന്നത് ഒഴിവാക്കാനായാണ് ഹിൻഡോൺ വ്യോമതാവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടത്. ധാക്കയിൽനിന്ന് ഡൽഹിയിലേക്കുള്ള റൂട്ടിലാണ് ഹസീനയെയും വഹിച്ചുള്ള വിമാനം യാത്ര ചെയ്തത്. പരമാവധി സമയം ബംഗ്ലേദേശിന്റെ വ്യോമമേഖലയിൽ കൂടി സഞ്ചരിക്കാൻ ഇത് കാരണമായി. കൊൽക്കത്തയിലേക്കുള്ള റൂട്ടിലൂടെയായിരുവെങ്കിൽ പെട്ടെന്ന് യാത്രാ ഉദ്ദേശ്യം പിടികിട്ടുമായിരുന്നു.
ഇത് മാത്രമല്ല, പരിശീലന വിമാനം എന്ന പേരിലാണ് ഹസീന യാത്രചെയ്ത വിമാനത്തിനെ രേഖപ്പെടുത്തിയത്. ഹസീന രാജ്യം വിടുകയാണെന്ന് തിരിച്ചറിയാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് ഹസീന ധാക്കയിൽ നിന്ന് പലായനം ചെയ്തത്.



