ലോകത്തെ ഏറ്റവും പ്രശസ്തമായ മാധ്യമസ്ഥാപനങ്ങളിലൊന്നായ ‘വാഷിംഗ്ടൺ പോസ്റ്റ്’ തങ്ങളുടെ ജീവനക്കാരിൽ മൂന്നിലൊന്ന് പേരെ പിരിച്ചുവിട്ടു. കോൺഗ്രസ് എംപി ശശി തരൂരിൻ്റെ മകനും പത്രത്തിലെ മുതിർന്ന അന്താരാഷ്ട്ര കോളമിസ്റ്റുമായ ഇഷാൻ തരൂരും ജോലി നഷ്ടപ്പെട്ട 300-ലധികം ജീവനക്കാരിൽ ഉൾപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയും സ്ഥാപനത്തിന്റെ പുനഃസംഘടനയും മുൻനിർത്തിയാണ് ഈ കടുത്ത നടപടിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
തനിക്ക് ജോലി നഷ്ടപ്പെട്ട വിവരം ഈഷാൻ തരൂർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം സഹപ്രവർത്തകർക്കൊപ്പം താനും പിരിച്ചുവിടപ്പെട്ടുവെന്നും ന്യൂസ്‌റൂമിനായി തന്റെ ഹൃദയം തകരുന്നുവെന്നും അദ്ദേഹം കുറിച്ചു. 2017-ൽ താൻ ആരംഭിച്ച ‘വേൾഡ് വ്യൂ’ (WorldView) എന്ന കോളം പിന്തുടർന്ന അഞ്ച് ലക്ഷത്തോളം വരിക്കാർക്ക് അദ്ദേഹം നന്ദി പറഞ്ഞു. ശൂന്യമായ ന്യൂസ്‌റൂമിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് “ഇതൊരു മോശം ദിവസമാണ്” എന്നും അദ്ദേഹം എക്സിൽ കുറിച്ചു.



