സ്രാവുകൾക്ക് അതിജീവിക്കാൻ കഴിയില്ലെന്ന് കരുതിയിരുന്ന അന്റാർട്ടിക്കയിലെ കൊടുംതണുപ്പുള്ള ആഴക്കടലിൽ നിന്നും സ്രാവിന്റെ ദൃശ്യങ്ങൾ ആദ്യമായി പകർത്തി ശാസ്ത്രജ്ഞർ. ഈ മേഖലയിലെ മൈനസ് ഡിഗ്രി തണുപ്പിൽ സ്രാവുകൾക്ക് ജീവിക്കാൻ കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള പൊതുവായ ധാരണ. ഈ ധാരണകളെ പൂർണ്ണമായും തിരുത്തിക്കുറിച്ചുകൊണ്ടാണ് പുതിയ കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്. മിൻഡെറു യുഡബ്ല്യുഎ ഡീപ് സീ റിസർച്ച് സെൻ്ററിലെ ഗവേഷകരാണ് ഈ അപൂർവ്വ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.

ദക്ഷിണ ഷെറ്റ്ലാൻഡ് ദ്വീപുകൾക്ക് സമീപമുള്ള കടലിൽ 490 മീറ്റർ ആഴത്തിലാണ് ഈ കൂറ്റൻ സ്രാവിനെ ഗവേഷകർ കണ്ടെത്തിയത്. കണ്ടെത്തിയ സ്രാവിന് മൂന്ന് മുതൽ നാല് മീറ്റർ വരെ നീളമുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.  1.27 ഡിഗ്രി സെൽഷ്യസ് മാത്രം ചൂടുള്ള വെള്ളത്തിൽ ഈ സ്രാവ് സ്വതന്ത്രമായി നീന്തിനടക്കുന്ന ദൃശ്യങ്ങളാണ് ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. കടലിനടിയിൽ റിമോട്ട് കൺട്രോൾഡ് ക്യാമറ ഉപയോഗിച്ചാണ് ഈ അപൂർവ്വ ദൃശ്യങ്ങൾ പകർത്തിയെടുക്കാൻ സംഘത്തിന് കഴിഞ്ഞത്.

‘അന്റാർട്ടിക്കയിൽ സ്രാവുകളെ പ്രതീക്ഷിച്ചല്ല ഞങ്ങൾ പോയത്. അവിടെ സ്രാവുകളില്ല എന്നതായിരുന്നു ശാസ്ത്രലോകത്തെ പൊതുനിയമം. എന്നാൽ കണ്ടത് ചെറിയൊരു സ്രാവിനെയല്ല, ഒരു ടാങ്കിന്റെ അത്രയും കരുത്തുള്ള വലിയൊരു സ്രാവിനെയാണ്’, റിസർച്ച് സെൻ്റർ ഡയറക്‌ടർ അലൻ ജാമിസൺ പ്രതികരിച്ചു. ശാസ്ത്രലോകം ഇതുവരെ വിശ്വസിച്ചിരുന്ന കാര്യങ്ങളെ മാറ്റിമറിക്കാൻ പോന്നതാണ് ഈ കണ്ടെത്തലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അന്റാർട്ടിക്കയിലെ ഈ കൊടുംതണുപ്പിൽ സ്രാവുകൾ എങ്ങനെ അതിജീവിക്കുന്നു എന്നതിനെക്കുറിച്ചും ശാസ്ത്രജ്ഞർ നിഗമനങ്ങളിലെത്തിയിട്ടുണ്ട്. ആഴക്കടലിലെ തിമിംഗലങ്ങളുടെയും മറ്റും അവശിഷ്ട‌ങ്ങൾ ഭക്ഷിച്ച് ഇവ ഈ തണുപ്പിലും അതിജീവിക്കുന്നുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. ഇത്തരത്തിലുള്ള സ്ലീപ്പർ ഷാർക്കുകൾ കാലങ്ങളായി ഈ മേഖലയിൽ ഉണ്ടായേക്കാമെന്നും എന്നാൽ ക്യാമറ കണ്ണുകളിൽ ആദ്യമായാണ് പതിയുന്നതെന്നും മറൈൻ ബയോളജിസ്റ്റുകൾ അഭിപ്രായപ്പെട്ടു. ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം അന്റാർട്ടിക്കയിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ.