രാജ്യത്ത് വാണിജ്യ എൽ.പി.ജി (LPG) സിലിണ്ടറുകൾക്കുണ്ടായ കടുത്ത ക്ഷാമം ഓഹരി വിപണിയിലും പ്രതിഫലിക്കുന്നു. പാചകവാതക പ്രതിസന്ധി മൂലം ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തനം താളംതെറ്റിയതോടെ ഓൺലൈൻ ഫുഡ് ഡെലിവറി ഭീമന്മാരായ സൊമാറ്റോയുടെയും (Zomato) സ്വിഗ്ഗിയുടെയും (Swiggy) ഓഹരികൾ കുത്തനെ ഇടിഞ്ഞു. വ്യാഴാഴ്ച വ്യാപാരത്തിനിടെ ഇരു കമ്പനികളുടെയും ഓഹരി മൂല്യത്തിൽ 4 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.

ബി.എസ്.ഇയിൽ സൊമാറ്റോ ഓഹരികൾ 214.75 രൂപയിലേക്കും സ്വിഗ്ഗി 272.95 രൂപയിലേക്കും താഴ്ന്നു. എൽ.പി.ജി ക്ഷാമം മൂലം പല പ്രമുഖ റെസ്റ്റോറന്റുകളും മെനു വെട്ടിക്കുറയ്ക്കുകയോ പ്രവർത്തന സമയം പരിമിതപ്പെടുത്തുകയോ ചെയ്തത് ഓൺലൈൻ ഓർഡറുകളെ ബാധിക്കുമെന്ന ആശങ്കയാണ് വിപണിയിൽ പ്രതിഫലിച്ചത്. ഇതിനുപുറമെ പ്രമുഖ ക്വിക്ക് സർവീസ് റെസ്റ്റോറന്റ് (QSR) ശൃംഖലകളായ ജൂബിലന്റ് ഫൂഡ്‌വർക്ക്സ് (4%), സഫയർ ഫൂഡ്‌സ് (3%), വെസ്റ്റ്‌ലൈഫ് ഫൂഡ്‌വേൾഡ് (3%) എന്നിവയുടെ ഓഹരികളും നഷ്ടം നേരിട്ടു.

ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതിയുടെ 90 ശതമാനവും സൗദി അറേബ്യ, ഖത്തർ, യുഎഇ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളെ ആശ്രയിച്ചാണ് നടക്കുന്നത്. ഹുർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് ഇന്ധന ലഭ്യതയെ സാരമായി ബാധിച്ചു. പാചകവാതക വിതരണം ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഫുഡ് ഡെലിവറി മേഖലയുടെ വളർച്ചയെ ഇത് ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓർഡറുകൾ വൈകുന്നതും റെസ്റ്റോറന്റുകൾ താൽക്കാലികമായി അടച്ചിടുന്നതും കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.