വേഗത്തിൽ പണം സമ്പാദിക്കാനുള്ള വഴികൾ പലരും അന്വേഷിക്കാറുണ്ട്. അതിലൊന്നാണ് ലോട്ടറി എടുത്ത് ഭാഗ്യപരീക്ഷണത്തിന് മുതിരുന്നത്. എന്നാൽ അച്ഛൻ 30 വർഷം മുമ്പ് വാങ്ങിയ ഒരു ഓഹരി മകനെ ഇപ്പോൾ കോടീശ്വരനാക്കിയിരിക്കുകയാണ്. അതായത് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം 80 കോടി രൂപയായിരിക്കുന്നുവെന്ന് മകൻ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഓഹരികളാണ് അച്ഛൻ 1990-കളിൽ വാങ്ങിയത്. ഇതിന്റെ രേഖകളും യുവാവ് റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ് നിക്ഷേപകൻ സൗരവ് ദത്ത എക്സിൽ പങ്കുവെയ്ക്കുകയും ചെയ്തു. ‘റെഡ്ഡിറ്റിലെ ഒരു വ്യക്തി അദ്ദേഹത്തിന്റെ പിതാവ് 1990-കളിൽ ഒരു ലക്ഷത്തിന് വാങ്ങിയ ജെഎസ്ഡബ്ല്യു ഓഹരികൾ കണ്ടെത്തി. ഇന്ന് അവയുടെ വില 80 കോടിയാണ്. ഓഹരികൾ കൃത്യതയോടെ വാങ്ങിയതിന്റെ ഗുണം’- സൗരവ് ദത്ത എക്സിൽ കുറിച്ചു.

ഈ പോസ്റ്റ് എക്സിൽ പലരുടെയും ശ്രദ്ധ നേടി. ദീർഘകാല നിക്ഷേപത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ പലരും പങ്കുവെച്ചു. പലരും റെഡ്ഡിറ്റ് ഉപയോക്താവിനെ അഭിനന്ദിക്കുകയും വിജയകരമായ ബൈ-ആൻഡ്-ഹോൾഡ് (വാങ്ങിക്കൈവശം വെക്കുന്ന) തന്ത്രങ്ങളെക്കുറിച്ചുള്ള സ്വന്തം കഥകൾ പങ്കുവെക്കുകയും ചെയ്തു. ക്ഷമയും സ്ഥിരോത്സാഹവും കൊണ്ട് വലിയ നേട്ടങ്ങൾ നേടാനുള്ള സാധ്യതയെ കുറിച്ചും അവർ കുറിച്ചു.