തെന്നിന്ത്യൻ സിനിമാമേഖല വലുതാണെന്നും അതിൽ തനിക്കേറെ പ്രിയപ്പെട്ട സിനിമകൾ പുറത്തിറങ്ങുന്നത് മലയാളം ഇൻഡസ്ട്രിയിൽ നിന്നാണെന്നും ബോളിവുഡ് നടി ശബാന ആസ്മി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ നടി മാതൃഭൂമി ന്യൂസിനോട് സംസാരിക്കവേയാണ് ഇതേക്കുറിച്ച് പങ്കുവെച്ചത്. മുൻനിര മലയാള സിനിമകളേക്കുറിച്ചല്ല താൻ പറയുന്നതെന്നും മുംബൈയിലും മറ്റുമുള്ള പല സഹപ്രവർത്തകർക്കും മലയാളസിനിമകൾ വളരെയധികം ഇഷ്ടമാണെന്നും നടി പറഞ്ഞു. 

കാതൽ പോലൊരു സിനിമ മലയാളത്തിൽ പിറന്നതിനേക്കുറിച്ചും ശബാന ആസ്മി സംസാരിച്ചു. മമ്മൂട്ടിയേപ്പോലൊരു നടൻ അത്തരത്തിലുള്ള പലസിനിമകളും നിർമിച്ചു. ഹിന്ദി സിനിമാമേഖലയിലെ, മമ്മൂട്ടിയുടെ സ്ഥാനത്തുള്ള ആർക്കെങ്കിലും അത്തരത്തിലൊരു സിനിമയിൽ അഭിനയിക്കാനോ, നിർമിക്കാനോ ധൈര്യമുണ്ടാകുമോയെന്ന് ഞാൻ അത്ഭുതപ്പെട്ടു. – ശബാന ആസ്മി പറഞ്ഞു.

ജ്യോതിക ഉള്ളതുകൊണ്ടാണ് കാതൽ കണ്ടതെന്നും ശബാന ആസ്മി പറഞ്ഞു. ജ്യോതികയ്ക്കൊപ്പം ഡബ്ബാ കാർട്ടെലിൽ അഭിനയിച്ചിട്ടുണ്ട്. കാതൽ തനിക്ക് വളരെയധികം ഇഷ്ടമാവുകയും ചെയ്തു. ഡബ്ബാ കാർട്ടലിൽ തനിക്കൊപ്പം അഭിനയിച്ച നടി നിമിഷ സജയനേക്കുറിച്ചും ശബാന ആസ്മി പറഞ്ഞു. മികച്ച പ്രകടനമാണ് ഡബ്ബാ കാർട്ടലിൽ നിമിഷ കാഴ്ചവച്ചതെന്നും താരം പറഞ്ഞു.

സാമൂഹികമാറ്റത്തിനുവേണ്ടി കൂടിയുള്ളതാകണം കല എന്നത് മാതാപിതാക്കൾ തന്നെ പഠിപ്പിച്ച കാര്യമാണെന്നും ശബാന ആസ്മി വ്യക്തമാക്കി