നഗരത്തിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ, കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കോളേജ് കവാടത്തിൽ നിന്ന് രണ്ട് പ്രതികൾ വിദ്യാർത്ഥിനിയെ വലിച്ചിഴച്ച് സുരക്ഷാ ജീവനക്കാരന്റെ മുറിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളതെന്നാണ് വിവരം. ഈ ദൃശ്യങ്ങൾ വിദ്യാർത്ഥിനിയുടെ പരാതിയിലെ ആരോപണങ്ങളെ സാധൂകരിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് പ്രതികളുടെയും സുരക്ഷാ ജീവനക്കാരുടെയും നീക്കങ്ങൾ സിസിടിവിയിൽ വ്യക്തമാണെന്നും, ഇവ വിശദമായി പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

സുരക്ഷാ ജീവനക്കാരന്റെ മുറി, വിദ്യാർത്ഥി യൂണിയൻ മുറി, ശുചിമുറി എന്നിവിടങ്ങളിൽ നിന്ന് മുടിയിഴകൾ, ഹോക്കി സ്റ്റിക്ക് തുടങ്ങിയ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഹോക്കി സ്റ്റിക്ക് കാണിച്ച് പ്രതി ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥിനിയുടെ പരാതിയിൽ പറഞ്ഞിരുന്നു. ഈ മൂന്ന് മുറികളിലും ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ വ്യക്തമാണെന്നും, സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.