നൈജീരിയയിലെ എനുഗു സ്റ്റേറ്റിൽ നിന്ന് ക്രോസ് റിവർ സ്റ്റേറ്റിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ ഏഴ് കപ്പൂച്ചിൻ സന്യാസിമാർ മരണമടഞ്ഞു. മെയ് മൂന്നിനുണ്ടായ അപകടത്തിൽ ആറുപേർ പരിക്കുകളോടെ ആശുപത്രിയിലാണ്.

എനുഗുവിലെ റിഡ്ജ്‌വേ കമ്മ്യൂണിറ്റിയിൽ നിന്ന് പതിമൂന്ന് സന്യാസിമാർ ക്രോസ് റിവർ സ്റ്റേറ്റിലെ ഒബുഡുവിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ വിദഗ്‌ധ ചികിത്സയ്ക്കായി എനുഗുവിലേക്ക് തിരികെ കൊണ്ടുവന്നു. ബ്രദർ സോമാഡിന ഇബെ-ഒജുലുഡു, ബ്രദർ ചിനെഡു ന്വാച്ചുക്വു, ബ്രദർ മാർസെൽ എസെൻവാഫോർ, ബ്രദർ ജെറാൾഡ് ന്യൂവോഗീസ്, ബ്രദർ കിംഗ്സ്ലി ന്യൂവോസു, ബ്രദർ വിൽഫ്രഡ് അലെക്കെ, ബ്രദർ ചുക്വുഡി ഒബ്യൂസ്, എന്നിവരാണ് മരണമടഞ്ഞത്.

നൈജീരിയയിലെ കപ്പൂച്ചിൻ സമൂഹത്തിന്റെ ഉത്തരവാദിത്വമുള്ള ബ്രദർ ജോൺ-കെന്നഡി, സന്യാസിമാരുടെ മരണ വാർത്ത സ്ഥിരീകരിച്ചു. മൃതസംസ്കാരത്തിന്റെ വിശദാംശങ്ങൾ യഥാസമയം വെളിപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.