ഇലോൺ മസ്കിന്റെ ടെസ്ലയ്ക്ക് വീണ്ടും തിരിച്ചടി. ടെസ്ലയുടെ ഒപ്ടിമസ് ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലവൻ മിലാൻ കോവാക് രാജിവെച്ചു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് രാജിവെക്കുന്നത് എന്നാണ് വിശദീകരണം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിത രാജി. എന്നാൽ ഇതുമായി രാജിക്ക് ബന്ധമില്ലെന്ന് കോവാക് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലെ പ്രധാന മേഖലകളെന്ന് വിലയിരുത്തി ഓട്ടോണമസ് സാങ്കേതികവിദ്യയിലും റോബോട്ടിക്സിലും ടെസ്ല ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർണായക സമയത്തെ രാജി കമ്പനിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഒമ്പത് വർഷത്തിലേറെയായി കോവാക് ടെസ്ലയിലുണ്ട്, 2024 സെപ്റ്റംബറിൽ ഒപ്ടിമസ് പ്രോഗ്രാമിന്റെ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. ടെസ്ല ഈ വർഷം വൻതോതിൽ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒപ്ടിമസ് റോബോട്ടിന്റെ വികസനത്തിന് അദ്ദേഹത്തിന്റെ നേതൃത്വം നിർണായകമായി കണക്കാക്കപ്പെട്ടിരുന്നു. നിലവിൽ ടെസ്ലയുടെ ഓട്ടോപൈലറ്റ് ടീമിനെ നയിക്കുന്ന അശോക് ഇല്ലുസ്വാമി കോവാകിന്റെ ചുമതലകൾ ഏറ്റെടുക്കുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. റോബോട്ട് ഉത്പാദനത്തിന് നിർണായകമായ റെയർ എർത്ത് മാഗ്നറ്റുകൾക്കുമേൽ ചൈന ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള ടെസ്ല നേരിടുന്ന വെല്ലുവിളികൾക്കിടയിലാണ് കോവാകിന്റെ പിന്മാറ്റം.
ജീവിതത്തിലെ ഏറ്റവും വിഷമകരമായ തീരുമാനം എടുക്കേണ്ടി വന്നുവെന്നാണ് കോവാക് രാജിക്കത്തിൽ പറയുന്നത്. വളരെക്കാലമായി വീട്ടിൽ നിന്ന് അകലെയായിരുന്നു. വിദേശത്തുള്ള കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം. ഇതാണ് രാജിക്കുള്ള ഒരേയൊരു കാരണം. മറ്റൊന്നുമായും അതിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 9 വർഷത്തിലേറെയായി എ.ഐ- എൻജിനീയറിംഗ് മേഖലകളിലെ ഏറ്റവും മികച്ചവർക്കൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചു. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന സൗഹൃദങ്ങൾ സ്ഥാപിച്ചു. എങ്കിലും വളരെക്കാലമായി വീട്ടിൽ നിന്ന് അകലെയായിരുന്നു, വിദേശത്തുള്ള കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം. ഇതാണ് രാജിക്ക് ഒരേയൊരു കാരണം. മറ്റൊന്നുമായും ഇതിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
ഓട്ടോപൈലറ്റ് സംവിധാനങ്ങൾ ലോകമെമ്പാടുമുള്ള നിരവധി പേരിലേക്ക് എത്തിക്കാൻ കഴിഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ എനിക്കിപ്പോൾ ഓട്ടോപൈലറ്റ് കൂടാതെ അധികം വാഹനം ഓടിക്കാൻ കഴിയില്ല. ഇത് ഉടൻ ലോകത്തെ അമ്പരപ്പിക്കുകയും ആളുകൾ യാത്ര ചെയ്യുന്ന രീതിയെ വലിയ തോതിൽ മാറ്റുകയും ചെയ്യും. ഒപ്ടിമസിനെ ടെസ്ല അടുത്ത തലത്തിലേക്ക് കൊണ്ടുപോകും എന്നതിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. അതിന് എന്റെ പിന്മാറ്റം അതിന് ഒരു മാറ്റവും വരുത്തില്ല. ടെസ്ല വിജയിക്കും, ഞാൻ ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.