ഇറാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കടുത്ത മുന്നറിയിപ്പുകൾ നൽകി അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം. ഇറാനിലെ ഭരണകൂടം നിലനിൽക്കുകയാണെങ്കിൽ ഹമാസ് വീണ്ടും ശക്തിയാർജ്ജിച്ച് ഇസ്രായേലിന് പുതിയ ഭീഷണിയാകുമെന്ന് ‘ദി ജറുസലേം പോസ്റ്റി’നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

1979 ലെ ഇസ്ലാമിക വിപ്ലവം മുതൽ, ഇറാനിയൻ ഭരണകൂടത്തിന്റെ പ്രധാന മുൻഗണനകളിലൊന്ന് അവരുടെ വിപ്ലവം വിദേശത്തേക്ക് കയറ്റുമതി ചെയ്യുക എന്നതാണ്. 1984 ൽ യുഎസ് സർക്കാർ ഭീകരതയുടെ സ്പോൺസറായി നാമകരണം ചെയ്ത ഇറാനെ “ഭീകരതയുടെ മുൻനിര സ്റ്റേറ്റ് സ്പോൺസർ” ആയി കണക്കാക്കുന്നു, “ലോകമെമ്പാടുമുള്ള [ഭീകര] ഗ്രൂപ്പുകൾക്ക്, പ്രത്യേകിച്ച് ഹിസ്ബുള്ളയ്ക്ക്, സാമ്പത്തികം, പരിശീലനം, ഉപകരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി പിന്തുണ നൽകുന്നു” എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുൻപ് പറഞ്ഞിട്ടുണ്ട്.

ഗ്രഹാമിന്റെ അഭിപ്രായത്തിൽ, ഇറാനിലെ ഇസ്ലാമിക ഭരണകൂടം രാജ്യത്ത് തുടരുകയാണെങ്കിൽ കരാറുകൾ തകരാൻ സാധ്യതയുണ്ടെന്നും, അമേരിക്കയുടെ ആഗോള വിശ്വാസ്യതക്ക് തിരിച്ചടിയുണ്ടാകുമെന്നും പറഞ്ഞു. 2020 സെപ്റ്റംബറിൽ ഒപ്പുവച്ച ഈ കരാർ, ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നിവയ്ക്കിടയിൽ ഔപചാരിക ബന്ധം സ്ഥാപിച്ച സമാധാന കരാറുകളാണ്. അതുകൊണ്ട് തന്നെ അമേരിക്കയുടെ സഹായം ഇറാനിലെ ജനതയ്ക്ക് ലഭിച്ചില്ലെങ്കിൽ ഇത് അഫ്ഗാനിസ്ഥാൻ നിന്നുള്ള അമേരിക്കൻ പിന്മാറ്റത്തേക്കാൾ മോശമായ സാഹചര്യമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനിലെ പ്രതിഷേധങ്ങൾ പരാജയപ്പെട്ടാൽ, ഹിസ്ബുള്ളയും ഹൂതികളും കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ വ്ലാദിമിർ പുടിൻ അമേരിക്കയെ ഗൗരവമായി എടുക്കാതിരിക്കാനും ചൈന തായ്‌വാനെതിരെ കൂടുതൽ ആത്മവിശ്വാസത്തോടെ നീങ്ങാനും ഇടയാകാമെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനിലെ പരമോന്നത നേതാവായ അലി ഖമേനി അധികാരത്തിൽ തുടരുകയാണെങ്കിൽ മിഡിൽ ഈസ്റ്റിൽ അസ്ഥിരത വർധിക്കുമെന്ന് ഗ്രഹാം അഭിപ്രായപ്പെട്ടു. അമേരിക്കയും ഇസ്രായേലും ഇറാന്റെ കാര്യത്തിൽ ഒരേ നിലപാടിലാണെന്നും, ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തന്ത്രത്തിൽ നയതന്ത്രവും സൈനിക ഓപ്ഷനും ഒരുപോലെ പരിഗണിക്കപ്പെടുന്നുവെന്നും ഗ്രഹാം പറഞ്ഞു. അടുത്ത ആഴ്ചകളിൽ തന്നെ നിർണായക തീരുമാനങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇറാനിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി അമേരിക്ക പിന്തുണ നൽകണമെന്ന് ആവർത്തിച്ചുകൊണ്ട്, ആ വാഗ്ദാനം പാലിക്കാത്ത പക്ഷം അത് ലോക രാഷ്ട്രീയത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഗ്രഹാം മുന്നറിയിപ്പ് നൽകി.