കഴിഞ്ഞ കുറച്ചുമാസങ്ങളായി തുടർച്ചയായി ‘ഡൂംസ്‌ഡേ ഫിഷ്’ എന്നറിയപ്പെടുന്ന ആഴക്കടൽ മത്സ്യം ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓർഫിഷ് എന്നറിയപ്പെടുന്ന ഈ മത്സ്യത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കണ്ടതോടെ ആശങ്കയേറുകയാണ്. വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സൂചനയായിട്ടാണ് ജാപ്പനീസുകാർ ഇതിനെ കണക്കാക്കുന്നത്.

കഴിഞ്ഞ ഇരുപത് ദിവസത്തിനിടയിൽ നാല് തവണയാണ് ഇവയെ കണ്ടത്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കാലിഫോർണിയ എന്നിവിടങ്ങളിൽ തീരത്തടിഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ഏകദേശം 30 അടി (ഒമ്പത് മീറ്റർ) നീളമുള്ള ഒരു ഭീമാകാരമായ ഓർഫിഷിനെ പിടികൂടിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം, ടാസ്മാനിയയിൽ മറ്റൊരു ഓർഫിഷ് കരയ്ക്കടിഞ്ഞു. ഏകദേശം മൂന്ന് മീറ്റർ നീളമായിരുന്നു ഇതിനുണ്ടായിരുന്നത്. ഒരാഴ്‌ചയ്ക്കിടെ ന്യൂസിലൻഡിൽ രണ്ട് തവണ ഓർഫിഷ് മത്സ്യങ്ങൾ കരയ്ക്കടിഞ്ഞു.

ഇതിനുമുമ്പ് 2024 ഓഗസ്റ്റിലായിരുന്നു കാലിഫോർണിയയിൽ ഓർഫിഷുകളെ കണ്ടത്. രണ്ട് ദിവസങ്ങൾക്കിപ്പുറം ലോസ് ഏഞ്ചൽസിൽ 4.4 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. ഓർഫിഷിന് ഭൂമിശാസ്ത്രപരമായ ചലനം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന ഊഹാപോഹത്തെ പിന്താങ്ങുന്ന സംഭവമായിരുന്നു ഇത്.

നാടോടിക്കഥകളിൽ ഓർഫിഷുകൾ ദുരന്തത്തിന്റെ സൂചനയായി കണക്കാക്കുമ്പോൾ, സുനാമി, താപനില മാറ്റങ്ങൾ, വിഷാംശം അല്ലെങ്കിൽ രോഗം തുടങ്ങിയ അസാധാരണമായ സംഭവങ്ങളാകാം ആ മത്സ്യങ്ങൾ കരയ്ക്കടിയാൻ കാരണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.