പത്തനംതിട്ട: കഴിഞ്ഞ അധ്യയനവർഷം പാതിവഴിക്ക് വിലങ്ങുതടിയായ സുരക്ഷാ പ്രശ്നങ്ങൾ ഇക്കുറി തുടക്കത്തിൽ തന്നെ പരിഹരിച്ച് സർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്ന നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്കൂൾ സുരക്ഷാ മാന്വലിൽ വിവിധ വകുപ്പുകളുടെയും സ്കൂൾ അധികൃതരുടെയും ഉത്തരവാദിത്വങ്ങൾ അക്കമിട്ടു നിരത്തിയിരിക്കുകയാണ്. ഇതോടെ ഇത്തവണ ക്ഷമതാ സർട്ടിഫിക്കറ്റ് (ഫിറ്റന്സ്) ലഭ്യത ബുദ്ധിമുട്ടാകും.
2025 ജൂലൈയിൽ കൊല്ലം തേവലക്കര ഗവണ്മെന്റ് ബോയ്സ് സ്കൂള്‍ വളപ്പില്‍നിന്നു ഷോക്കേറ്റ് മിഥുന് എന്ന കുട്ടി മരിച്ചതിനു പിന്നാലെയാണ് സ്കൂൾ സുരക്ഷാ മാനുവൽ ചർച്ച ചെയ്യപ്പെട്ടതെങ്കിൽ ഇത്തവണ ആദ്യംതന്നെ ഇതിനനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്നാണ് വകുപ്പുകളുടെ നിർദേശം.
ഓരോ അധ്യയനവർഷാരംഭത്തിലും സ്കൂൾ കെട്ടിടങ്ങൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി തദ്ദേശ സ്ഥാപനങ്ങളിൽനിന്നും കെഇആർ അനുശാസിക്കുന്ന തരത്തിലുള്ള ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ചട്ടം. ഇത് ഹാജരാക്കിയെങ്കിലേ ബന്ധപ്പെട്ട സ്കൂളിന് പുതിയ അധ്യയന വർഷത്തിൽ പ്രവർത്തനാനുമതി ലഭിക്കൂ.
അധ്യാപകരുടെ ജൂണിലെ ശന്പളബില്ലിനൊപ്പം സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടങ്ങളിൽ യാതൊരു കാരണവശാലും അധ്യയനം നടത്താനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ലെന്നും സുരക്ഷാ മാന്വൽ വ്യക്തമാക്കുന്നു.
നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ വാടകക്കെട്ടിടത്തിലോ മറ്റു സ്ഥാപനങ്ങളിലോ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് തദ്ദേശസ്ഥാപന എൻജിനിയറിംഗ് വിഭാഗം സർട്ടിഫിക്കറ്റ് ലഭ്യമായെന്ന് ഉറപ്പാക്കി മാത്രമേ പ്രവർത്തനം തുടങ്ങാവൂ എന്നും നിർദേശമുണ്ട്.
സ്കൂള്‍വളപ്പിലെ പഴയ കെട്ടിടങ്ങളുടെ കണക്കെടുപ്പ്, ശോച്യാവസ്ഥ, വൈദ്യുതലൈനുകളുടെ സ്ഥിതി, വയറിംഗ് സംബന്ധമായ പ്രശ്നങ്ങള്‍, മേല്‍ക്കൂരയുടെ സ്ഥിതി, കിണറുകളുടെ സുരക്ഷിതത്വം, പരിസര ശുചീകരണം, സ്കൂള്‍ കെട്ടിടങ്ങളുടെ അവസ്ഥ തുടങ്ങിയ സുരക്ഷാ പരിശോധനകള്‍ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്വമാണ്.
ഇവയെല്ലാം ഒറ്റയടിക്ക് പരിശോധിച്ച് തദ്ദേശ സ്ഥാപന എൻജിനിയർ സുരക്ഷാ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണ് മുന്‍പു നിലവിൽ ഇരുന്നത്. എന്നാൽ ഇത്തവണ വിവിധ വകുപ്പുകളിൽനിന്നുള്ള പരിശോധനാ സർട്ടിഫിക്കറ്റുകളോടുകൂടി മാത്രമേ അപേക്ഷ പോലും സ്വീകരിക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് എൽഎസ്ജിഡി എൻജിനിയർമാർ.
മാർച്ച് ഒന്പതിനു പുറത്തിറക്കിയ സ്കൂൾ സുരക്ഷാ മാന്വൽ പരിശോധിച്ച് ആരോഗ്യവകുപ്പുതന്നെ പ്രത്യേക സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകണമെങ്കിൽ വിവിധ വകുപ്പുകളിലെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കണമെന്ന് നിർദേശമുണ്ട്. കെഎസ്ഇബി, ആരോഗ്യവകുപ്പ്, മോട്ടോർ വാഹനവകുപ്പ്, പോലീസ്, അഗ്നിസുരക്ഷാ വിഭാഗം, വനംവകുപ്പ് എന്നിവ നിർബന്ധമായും സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാണ് നിർദേശം. എന്നാൽ സുരക്ഷാ ഓഡിറ്റ് എങ്ങനെയാകണമെന്ന നിർദേശം വിവിധ വകുപ്പുകൾക്കു നൽകിയിട്ടില്ല.
എല്ലാ സ്കൂളുകളിലെയും മുഴുവൻ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ സുരക്ഷാ ഓഡിറ്റാണ് മാന്വലിൽ നിർദേശിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ സ്ഥിരത, ക്ലാസ്മുറികളുടെ അവസ്ഥ, ശുചിത്വ സൗകര്യങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ, ചുറ്റുമതിൽ, കിണർ എന്നിവ സമഗ്രമായി പരിശോധിക്കാനാണ് നിർദേശം.
സുരക്ഷാ മാന്വലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിമിതികളും പരിഹരിച്ചു മാത്രമേ അപേക്ഷ നൽകാവൂവെന്ന നിർദേശമാണ് എൽഎസ്ജിഡി എൻജിനിയർമാർ മുന്നോട്ടു വയ്ക്കുന്നത്.
സ്കൂൾ കെട്ടിടങ്ങളിൽ നിലവിലെ കെട്ടിടനിർമാണച്ചട്ടങ്ങൾക്ക് അനുസൃതമായി അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കുന്നതടക്കമുള്ള നിർദേശങ്ങളും മാന്വലിലും ഉണ്ട്. ഫാൾസ് സീലിംഗ്സ് ചെയ്തിട്ടുള്ള ക്ലാസ്മുറികളിൽ അടിയന്തര അഗ്നിശമന ഉപകരണങ്ങളും ഉറപ്പാക്കിയേ സർട്ടിഫിക്കറ്റ് നൽകൂവെന്നാണ് എൻജിനിയർമാരുടെ നിലപാട്.
സർക്കാർ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ അതത് പ്രഥമാധ്യാപകർ ഉറപ്പാക്കിയാണ് അപേക്ഷ നൽകേണ്ടത്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിട്ടുവീഴ്ച ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ അധ്യാപകർ, ജീവനക്കാർ, പിടിഎ, എംപിടിഎ, എസ്എംസി, തദ്ദേശ സ്ഥാപനം, ഫയർ ആൻഡ് സേഫ്റ്റി, പോലീസ് തുടങ്ങി വിവിധ ഏജൻസികളുടെ സഹായവും സഹകരണവും ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സ്കൂൾ പ്രഥമാധ്യാപകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഉത്തവരവാദിത്വമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് ആമുഖത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.



