മുടി വെട്ടാത്തതിനും അച്ചടക്കം പാലിക്കാത്തതിനും ശകാരിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ത്ഥികള്‍. ഹരിയാനയിലെ ഹിസാറിലെ നാര്‍നൗണ്ട് ടൗണിലെ ബാസ് ഗ്രാമത്തിലുള്ള കര്‍ത്താര്‍ മെമ്മോറിയല്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പലായ ജഗ്ബീര്‍ സിംഗ് പന്നുവാണ് പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ത്ഥികളുടെ കുത്തേറ്റ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യണമെന്നും മുടി വൃത്തിയായി വെട്ടണമെന്നും സ്‌കൂളിലെ അച്ചടക്കം പാലിക്കണമെന്നും പ്രിന്‍സിപ്പാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് പ്രതികള്‍ കൊലപാതകം ചെയ്തതെന്ന് ഹാന്‍സി പോലീസ് സൂപ്രണ്ട് അമിത് യശ്വര്‍ധന്‍ പറഞ്ഞു. 

കേസില്‍ പ്രതികളായ 15 വയസുകാരായ വിദ്യാര്‍ത്ഥികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഹിസാറിലേക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.