ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി രാജ്യത്തെ ജനങ്ങളോട് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോ​ദി. അമേരിക്ക–ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ചെലവ് ചുരുക്കൽ നടപടികൾ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി വീണ്ടും ആഹ്വാനം ചെയ്തു. ഗുജറാത്തിലെ വഡോദരയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധന ഉപഭോഗം കുറയ്ക്കാൻ പൊതുഗതാഗതവും ഇലക്ട്രിക് വാഹനങ്ങളും കൂടുതൽ ഉപയോഗിക്കണമെന്നും, സർക്കാർ-സ്വകാര്യ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശനാണ്യ ശേഖരത്തിനും ഇറക്കുമതി ആശ്രയത്വത്തിനും മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം അനിവാര്യമാണ്. യുദ്ധാവസ്ഥ തുടരുന്നതിനാൽ ആഗോള വിതരണ ശൃംഖലകൾ തകരാറിലായതും ഇറക്കുമതി സാധനങ്ങളുടെ വില കുത്തനെ ഉയർന്നതുമാണ് ആശങ്കയുണ്ടാക്കുന്നു.

ഇന്ത്യയുടെ ഇറക്കുമതിയിൽ വലിയൊരു വിഹിതം ക്രൂഡ് ഓയിലാണ്. എണ്ണ വിതരണം ചെയ്യുന്ന മേഖല ഇപ്പോൾ സംഘർഷത്തിന്റെയും അനിശ്ചിതത്വത്തിന്റെയും പിടിയിലാണ്. അതിനാൽ സ്ഥിതി സാധാരണ നിലയിലാകുന്നത് വരെ രാജ്യത്തിന്റെ താൽപര്യത്തിനായി എല്ലാവരും സഹകരിക്കണം.