റിയാദ്: സൗദിയിലെ വിദേശ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കണമെങ്കില്‍ ഇഖാമയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) അറിയിച്ചു. ഇനി തൊഴിലാളിയുടെ ഇഖാമയുടെ കാലാവധി 30 ദിവസത്തില്‍ കുറവാണെങ്കില്‍, തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കണമെങ്കില്‍ തൊഴിലുടമയും കുടുംബനാഥനും ഇഖാമ പുതുക്കണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്തായിരിക്കുമ്പോള്‍ തന്നെ പ്രവാസികള്‍ക്ക് അവരുടെ എക്സിറ്റ്, റിട്ടേണ്‍ വിസകള്‍ (സിംഗിള്‍ / മള്‍ട്ടിപ്പിള്‍) നീട്ടാന്‍ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

പ്രവാസിയുടെ ഐഡിയുടെ കാലാവധി 30 ദിവസത്തില്‍ കൂടുതലും 60 ദിവസത്തില്‍ കുറവുമാണെങ്കില്‍, ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കുമെങ്കിലും വിസയുടെ കാലാവധി ഇഖാമയുടെ ശേഷിക്കുന്ന സാധുത കാലയളവിലേക്ക് മാത്രമായിരിക്കും. ഇഖാമയുടെ കാലാവധി 60 ദിവസമോ അതില്‍ കൂടുതലോ ആണെങ്കില്‍, 60 ദിവസത്തെ കാലാവധിയുള്ള ഫൈനല്‍ എക്സിറ്റ് വിസ നല്‍കുമെന്നും ജവാസാത്ത് അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവന പ്ലാറ്റ്‌ഫോമായ അബ്ഷിര്‍, അബ്ഷിര്‍ ബിസിനസ് വഴിയും മുഖീം പോര്‍ട്ടല്‍ വഴിയും തൊഴിലുടമയ്ക്കും കുടുംബനാഥനും അവരുടെ തൊഴിലാളികള്‍ക്കും അവരുടെ തൊഴിലാളികളുടെ ആശ്രിത കുടുംബാംഗങ്ങള്‍ക്കും ഫൈനല്‍ എക്സിറ്റ് വിസ നല്‍കാമെന്നും ഈ ഇലക്ട്രോണിക് സേവനം സൗജന്യമാണെന്നും യാതൊരു ഫീസും നല്‍കാതെ തന്നെ ഇതിന്റെ പ്രയോജനം നേടാമെന്നും ജവാസത്ത് ചൂണ്ടിക്കാട്ടി.