നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി നടൻ സത്യരാജ്. വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നതുമായി ബന്ധപ്പെട്ടാണ് ഡിഎംകെ അനുഭാവി കൂടിയായ സത്യരാജ് ഈ പരിഹാസങ്ങൾ ഉന്നയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വിജയ് ബഹുമാനിക്കുമെന്ന് താൻ കരുതിയിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും സത്യരാജ് തുറന്നടിച്ചു.
മുഖ്യമന്ത്രിയെ ‘സ്റ്റാലിൻ അങ്കിൾ’ എന്ന് വിജയ് പരിഹാസരൂപേണ വിളിച്ചതിനെ സത്യരാജ് ശക്തമായി എതിർത്തു. മുഖ്യമന്ത്രിയെ ബഹുമാനത്തോടെയാണ് വിജയ് അഭിസംബോധന ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാകുന്നതിന് മുൻപ് തന്നെ സ്റ്റാലിനെയും ഡിഎംകെ സർക്കാരിനെയും വിജയ് നിരന്തരം വിമർശിക്കുന്നുണ്ടായിരുന്നു എന്ന കാര്യവും സത്യരാജ് ചൂണ്ടിക്കാട്ടി.
പഴയകാല സംഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട് വിജയ്‌യുടെ ഇപ്പോഴത്തെ നിലപാടിനെ സത്യരാജ് ചോദ്യം ചെയ്തു. 2013-ൽ വിജയ്‌യുടെ തലൈവാ എന്ന ചിത്രത്തിന്റെ റിലീസ് വൈകിയതും ‘ജന നായകൻ’ റിലീസ് വൈകിയതുമായി ബന്ധപ്പെട്ട് വിജയ് കൈക്കൊണ്ട സമീപനത്തിൽ സത്യരാജ് സമാനത കണ്ടെത്തി. ‘തലൈവാ’യുടെ റിലീസ് സമയത്ത് അന്നത്തെ മുഖ്യമന്ത്രി ജയലളിതയോട് വിജയ് മാപ്പപേക്ഷിച്ച കാര്യം സത്യരാജ് ഓർമിപ്പിച്ചു. ‘ടൈം ടു ലീഡ്’ എന്ന ടാഗ്‌ലൈൻ സിനിമയുടെ മാർക്കറ്റിംഗിന് അപ്പുറം ഒരു രാഷ്ട്രീയ നീക്കമായാണ് അന്ന് എഐഎഡിഎംകെ സർക്കാർ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിജയ് ജയലളിതയെ ‘ആൻ്റി’ എന്ന് അഭിസംബോധന ചെയ്തിരുന്നെങ്കിൽ അദ്ദേഹം ആക്രമിക്കപ്പെടുമായിരുന്നു എന്നും സത്യരാജ് സൂചിപ്പിച്ചു. “അദ്ദേഹം ജയലളിത മാഡത്തെ ‘ജയലളിത ആൻ്റി’ എന്ന് വിശേഷിപ്പിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് സങ്കൽപ്പിക്കുക? കൊത്തു പൊറോട്ടയെപ്പോലെ അദ്ദേഹം ആക്രമിക്കപ്പെടുമായിരുന്നു. അപ്പോൾ അദ്ദേഹത്തിന് ‘നാ റെഡി ധാ’ എന്ന പാട്ട് പാടാൻ കഴിയുമായിരുന്നില്ല; പകരം ‘തൊട്ട പേട്ട റൊട്ടുമേലെ മുട്ട പൊറോട്ട’ എന്ന് പാടേണ്ടി വരുമായിരുന്നു.” സത്യരാജിന്റെ വാക്കുകൾ.
സത്യരാജിന്റെ ഈ പരാമർശങ്ങൾക്കെതിരെ ഇന്റർനെറ്റിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഒരു മുതിർന്ന നടൻ ഇത്തരത്തിൽ സംസാരിക്കാൻ പാടില്ലെന്ന് വിജയ് ആരാധകർ വാദിക്കുന്നു.
അതേസമയം സത്യരാജിന്റെ മകനും നടനുമായ സിബിരാജിന്റെ സോഷ്യൽ മീഡിയാ പോസ്റ്റും ചർച്ചയാകുന്നുണ്ട്. വിജയ്‌യുടെ ചിത്രവും കുറിപ്പുമാണ് അദ്ദേഹം പങ്കുവെച്ചത്. വെറുപ്പ് പ്രചരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നവർക്ക് മുൻപിൽ മൗനം പാലിക്കുന്നതാണ് ജീവിതം സന്തോഷകരമാക്കാൻ നല്ലതെന്നാണ് സിബി കുറിച്ചത്. ജനനായകൻ സിനിമ ചോർന്നതിനെ നേരത്തെ തന്നെ വിമർശിച്ചിട്ടുള്ള സിബിയുടെ ഈ പ്രതികരണം സത്യരാജിന്റെ വാക്കുകൾക്കുള്ള മറുപടിയായാണ് പലരും കണക്കാക്കുന്നത്.



