100 വീടുകള്‍ നിർമ്മിച്ചു നല്‍കാമെന്ന കർണ്ണാടക സർക്കാരിൻ്റെ വാഗ്ദാനത്തോട് ഒട്ടും ക്രിയാത്മകമായ പ്രതികരണമല്ല സംസ്ഥാന സർക്കാർ നടത്തിയത്. കർണ്ണാടക സർക്കാർ അയച്ച കത്തിന് മറുപടി നല്കാൻ പോലും കേരളം തയ്യാറായില്ലെന്നത് ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറി നടത്തിയ കത്തിടപാടിന് മറുപടി കിട്ടാത്തതിനെ തുടർന്ന് കർണ്ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് കത്ത് എഴുതേണ്ടി വന്നത് എത്രമാത്രം അപമാനകരമാണ്. സഹായം നല്‍കാതെ കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നതിന് തുല്യമായ കുറ്റമാണ് സംസ്ഥാന സർക്കാരും ചെയ്യുന്നത്. എത്ര ലാഘവത്തോടെയാണ് കേരള സർക്കാർ വയനാട് പുനരധിവാസത്തെ കാണുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ട.
വീടും സ്ഥലവും നഷ്ട്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ വേദന സർക്കാർ അവഗണിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ഒന്നുകില്‍ വീടുകള്‍ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് നല്‍കുക. അല്ലെങ്കില്‍ വീടുകള്‍ വാഗ്ദാനം ചെയ്തവർക്ക് സ്വന്തം നിലയില്‍ സ്ഥലം വാങ്ങി വീട് നിർമ്മിക്കുന്നതിന് അനുമതി നല്‍കുക.
സർക്കാരിൻ്റെ ഉദാസീനത പുനരധിവാസ പ്രവർത്തനങ്ങളെ പിറകോട്ട് വലിക്കുകയാണ്. പുനരധിവാസ പ്രവർത്തനങ്ങളിലെ സർക്കാർ നിഷ്ക്രിയത്വത്തിനെതിരെ ഡിസംബർ 17 ന് ചേരുന്ന യു.ഡി.എഫ് യോഗം സമര പരിപാടികള്‍ തീരുമാനിക്കും.



