ന്യൂഡല്‍ഹി: ഈജിപ്തില്‍ നടന്ന ഗാസ സമാധാന ഉച്ചകോടിയിലേക്ക് സഹമന്ത്രിയെ അയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഇത് ഇന്ത്യയുടെ തന്ത്രപരമായ അകലം പാലിക്കലാണോ അതോ അവസരം നഷ്ടപ്പെടുത്തിയതാണോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഈജിപ്ത് പ്രസിഡന്റിന്റെ നേരിട്ടുള്ള ക്ഷണമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഷറം അല്‍ ഷെയ്ഖില്‍ നടക്കുന്ന ഉന്നതതല ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് പങ്കെടുത്തത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഇരുപതിലധികം രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്നുണ്ട്. ഗാസ സമാധാനക്കരാറിന്റെ രൂപരേഖയും യുദ്ധാനന്തര ഗാസയുടെ പുനര്‍നിര്‍മാണവുമാണ് യോഗത്തില്‍ ചര്‍ച്ചചെയ്യുന്നത്.

അവിടെ ഒത്തുകൂടിയ രാഷ്ട്രത്തലവന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പ്രാതിനിധ്യം തികച്ചും വ്യത്യസ്തമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ഇത് കീര്‍ത്തിവര്‍ധന്‍ സിങ്ങിന്റെ കഴിവ് ചോദ്യം ചെയ്യുകയല്ലെന്നും സമ്മിശ്രമായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും തരൂര്‍ പറഞ്ഞു. പങ്കെടുക്കുന്ന പ്രമുഖരുടെ വലിയ നിര കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ ഈ തീരുമാനം തന്ത്രപരമായ അകലം പാലിക്കാനുള്ള താത്പര്യമായാണ് കാണാനാവുക. എന്നാല്‍ വിഷയത്തില്‍ നമ്മുടെ പ്രസ്താവനകള്‍ അങ്ങനെയൊരു സൂചന നല്‍കുന്നില്ലെന്നും തരൂര്‍ പറഞ്ഞു.

ഇന്ത്യയുടെ ഈ നീക്കത്തിന് പ്രായോഗികമായ ചില പ്രത്യാഘാതങ്ങളുണ്ടാകുമെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കി. പ്രോട്ടോക്കോള്‍ പ്രകാരമുള്ള പരിഗണനയുടെ കാരണങ്ങളാല്‍ മാത്രം ഗാസ പുനര്‍നിര്‍മാണ ചര്‍ച്ചകളില്‍ ഇന്ത്യയുടെ ശബ്ദത്തിന് ഉണ്ടാകേണ്ടിയിരുന്ന ഗൗരവം കുറഞ്ഞേക്കാമെന്നും തരൂര്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സാന്നിധ്യമുണ്ടെന്നതാണ് ഇന്ത്യയുടെ ഈ അകല്‍ച്ചയ്ക്ക് പിന്നിലെ കാരണമെന്ന വിലയിരുത്തലുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഷഹബാസുമായി വേദി പങ്കിടുന്നത് ഒഴിവാക്കാനാണ് ഇന്ത്യയുടെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ഇന്ത്യ-പാക് വെടിനിര്‍ത്തലിന്റെ ഉത്തരവാദിയായി സ്വയം ഏറ്റുപറയുന്ന ട്രംപിന്റെ ആധ്യക്ഷ്യത്തിലാണ് യോഗമെന്നതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.