കോഴിക്കോട്: കടുവയെ പിടികൂടാൻ നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകുന്നത്. നൂറോളം ഫോറസ്റ്റ് വാച്ചർമാർ ഉൾപ്പെട്ട സംഘമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. നരഭോജിയായ വന്യമൃഗം എന്ന പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ കടുവയെ വെടിവെച്ച് കൊല്ലുന്നതിന് തടസമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെ വനംവകുപ്പിനെ അറിയിച്ചിരുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കും. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകും. ജനങ്ങൾ ഭീതിയിലാണെന്ന വസ്തുത നിഷേധിക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി സത്യസന്ധമായ ശരിയുടെ പക്ഷത്ത് നിന്നാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി.
അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന കർമ പദ്ധതി തയ്യാറാക്കി കേന്ദ്രത്തെ സമീപിച്ചിരുന്നു. ദൗർഭാഗ്യവശാൽ അനുകൂലമായ നിലപാടല്ല ലഭിച്ചത്. നിയമത്തിൻറെയും ജനങ്ങളുടെയും ആശങ്കയുടെയും ഇടയിൽ അങ്കലാപ്പിലാണ് ഉദ്യോഗസ്ഥർ. നാളെ 11 മണിക്ക് സംസ്ഥാനതല യോഗം ചേരും. വനംവകുപ്പ് മേധാവി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ തുടങ്ങിയവർ പങ്കെടുക്കുമെന്നും വനംമന്ത്രി പറഞ്ഞു.