നിവിൻ പോളി- അഖിൽ സത്യൻ ചിത്രം സർവം മായയിലെ അതിഥിവേഷത്തിന്റെ സന്തോഷം പങ്കുവെച്ച് നടി പ്രിയ വാര്യർ. അഖിൽ സത്യനോട് ഒരുപാട് ബഹുമാനവും സ്നേഹവുമുണ്ട്. ഇത്ര മനോഹരമായ ടീമിനൊപ്പം പ്രവർത്തിച്ച് മതിയായില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പ്രിയ പറയുന്നു.
പ്രിയയുടെ കുറിപ്പിൽ നിന്ന്
പ്രഭേ, ഞാനാണ് ഡെലൂലു. ഈ സിനമയിലേക്ക് തിരഞ്ഞെടുക്കുമ്പോൾ ഞാൻ സ്വപ്നലോകത്ത് ജീവിക്കുന്ന ഒരാളാണെന്ന് അഖിൽ ചേട്ടൻ മനസ്സിലാക്കിയിരിക്കണം. അഖിൽ ചേട്ടാ, നിങ്ങളോടെനിക്ക് അതിയായ ബഹുമാനവും സ്നേഹവുമുണ്ട്. വളരെ ചുരുങ്ങിയ സമയമാണെങ്കിലും ടീമിനൊപ്പമുള്ള ഷൂട്ട് രസകരമായിരുന്നു. പക്ഷേ, ഒരുപക്ഷേ എന്റെ സ്വാർഥതയാകാം, സമയം തികയാതെ പോയെന്ന് എനിക്ക് തോന്നി. ഇനിയും കൂടുതൽ വേണമെന്നും തോന്നിയിരുന്നു.
നിവിൻ ചേട്ടാ, നിങ്ങളാണ് യഥാർഥ ‘ചിരിക്കുടുക്ക’. നിങ്ങൾ വരുന്ന നിമിഷം മുഴുവൻ സെറ്റും പ്രകാശിക്കുന്നതുപോലെയായിരുന്നു. നിങ്ങളോടൊപ്പം സ്ക്രീൻ പങ്കിടാനും ഒന്നിച്ച് ചിരിക്കാനും സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ ഇപ്പോഴും അതിനെക്കുറിച്ച് എല്ലാവരോടും പൊങ്ങച്ചം പറയുകയാണ്.
റിയ, നിന്നെപ്പോലെയൊരു ഡെലൂലു ആകാൻ എനിക്ക് സാധിച്ചോ എന്നറിയില്ല. പക്ഷേ ഞാൻ ശ്രമിച്ചു. അജു ചേട്ടാ, നിവിൻ ചേട്ടൻ അടയാണെങ്കിൽ അതിലെ ശർക്കരയായിരുന്നു നിങ്ങൾ. പ്രീതി, മലയാള സിനിമയിലേക്കും നൂറ് കോടി ക്ലബ്ബിലേക്കും സ്വാഗതം.
അഖിൽ ചേട്ടാ, ‘സർവം മായ’യുടെ ഭാഗമാക്കിയതിന് ഹൃദയം നിറഞ്ഞ നന്ദി. അവസാനമായി, നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഈ സിനിമയെ ഒരു വലിയ വിജയമാക്കാൻ സഹായിച്ച എല്ലാ പ്രേക്ഷകർക്കും നന്ദി.



