അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും ഇന്ന് നേർക്കുനേർ വരുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്കാണ്. സഞ്ജുവിൽ നിന്ന് ഒരു വമ്പൻ ഇന്നിംഗ്‌സ് കൂടി ഫൈനലിൽ പ്രതീക്ഷിക്കാമെന്ന് പ്രവചിക്കുകയാണ് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് അശ്വിൻ സഞ്ജുവിന്‍റെ ഫോമിനെക്കുറിച്ചും ഇന്ത്യയുടെ കിരീട സാധ്യതകളെക്കുറിച്ചും മനസ് തുറന്നത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറിക്ക് അരികിലെത്തിയാണ് സഞ്ജുവിന് വിക്കറ്റ് നഷ്ടമായത്. എന്നാൽ ഫൈനലിൽ ആ കുറവ് സഞ്ജു നികത്തുമെന്ന് അശ്വിൻ പറഞ്ഞു. സഞ്ജു ഫൈനലിൽ തീർച്ചയായും റൺസ് കണ്ടെത്തും. അവന്‍റെ ഒരു വലിയ പ്രകടനം കൂടി ഇനി ബാക്കിയുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ചെറിയ വ്യത്യാസത്തിലാണ് അവന് സെഞ്ച്വറി നഷ്ടമായത്. ഫൈനലിൽ അത് നേടാൻ സഞ്ജുവിന് സാധിക്കും. സെമിയിൽ ജോഫ്ര ആർച്ചറെ നേരിട്ടതുപോലെ കിവീസ് പേസർ മാറ്റ് ഹെൻറിയെ തുടക്കത്തിൽ തന്നെ ആക്രമിക്കാൻ സഞ്ജുവിന് സാധിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നും അശ്വിൻ പറഞ്ഞു.

ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലന്‍റെ ഫോമിനെക്കുറിച്ചും അശ്വിൻ മുന്നറിയിപ്പ് നൽകി. സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 33 പന്തിൽ സെഞ്ച്വറി നേടിയ അലൻ ഇന്ത്യക്ക് വൻ ഭീഷണിയാണ്. ഇടംകൈയ്യൻ പേസർമാർക്കെതിരെ അലന് ചെറിയ ദൗർബല്യമുണ്ടെങ്കിലും ഇന്ത്യൻ സ്പിന്നർമാരെ അവൻ എങ്ങനെ നേരിടും എന്നത് മത്സരഫലത്തില്‍ നിർണ്ണായകമാകുമെന്ന് അശ്വിൻ പറഞ്ഞു. ന്യൂസിലൻഡിന് വിജയിക്കണമെങ്കിൽ എല്ലാം അവർക്ക് അനുകൂലമായി വരണമെന്ന് അശ്വിൻ പറയുന്നു. ടോസ് നേടി ആദ്യം ബൗൾ ചെയ്യുന്നതാകും അവർക്ക് ഗുണകരമാകുക.